ജിദ്ദ: പുണ്യ ഭൂമിയിലേക്ക് അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന ഹാജിമാർക്ക് സേവനം നൽകുന്നതിനായി ഐ.സി.എഫ് -ആർ. എസ്. സി യുടെ നേതൃത്വത്തിൽ നടക്കുന്ന ഹജ്ജ് വളണ്ടിയർ കോർ അംഗങ്ങൾക്കുള്ള ആദ്യഘട്ട പരിശീലന ക്യാമ്പ് ജിദ്ദയിലെ മർഹബയിൽ വച്ച് സംഘടിപ്പിച്ചു. ജിദ്ദയിൽ നിന്നുള്ള സേവന സന്നദ്ധരായ ഇരുനൂറിലധികം വളണ്ടിയർമാർ പ്രഥമ സിറ്റിംഗിൽ സംബന്ധിച്ചു. HVC ജിദ്ദ കമ്മിറ്റി ചെയർമാൻ മുഹ്സിൻ സഖാഫിയുടെ അധ്യക്ഷതയിൽ അബ്ദു നാസർ അൻവരി പരിശീലന ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പ് അബ്ദുൽ ഗഫൂർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സൈനുൽ ആബിദ് തങ്ങൾ, ട്രെയിനിംഗ് ചെയർമാൻ യഹ്‌യ ഖലീൽനൂറാനി, മുജീബ് എ ആർ നഗർ, സാദിഖ് ചാലിയാർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
പുണ്യ ഭൂമിയിലെ സേവന പാതക്ക് ഇസ്ലാമിന്റെ പ്രാരംഭ കാലം മുതൽക്കെ മഹാരഥന്മാരായ മഹത്തുക്കൾ വഴി കാണിച്ചിട്ടുണ്ട്. ഈ വഴി പിന്തുടർന്ന് ഓരോ ചലനങ്ങളിലും, പ്രവർത്തനങ്ങളിലും വോളന്റീർ മാർ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ചും ക്ലാസ്സുകളിൽ ഉദ് ബോധനം നടന്നു.
മക്ക, മദീന,ജിദ്ദ എന്നിവടങ്ങൾ കേന്ദ്രീകരിച്ചു അവസാന ഹാജിയുടെ മടക്കം വരെയും വളണ്ടിയർ കോർ പ്രവർത്തനങ്ങൾ തുടരും. നിലവിൽ വിമാനത്താവളങ്ങളിലും ഹാജിമാരുടെ താമസസ്ഥലങ്ങളിലും സേവനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.