ബംഗളുരു: കർണാടകയിലെ രാമനഗര ജില്ല ഇനി മുതൽ ബംഗളുരു സൗത്ത് എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനത്തിന് വ്യാഴാഴ്‌ച ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി. എച് ഡി കുമാരസ്വാമി ബിജെപി-ജെഡിഎസ് സഖ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് രാമനഗര എന്ന പേരിൽ ജില്ല രൂപ വത്കരിച്ചത്.
ബംഗളുരു സൗത്ത് ജില്ലയുടെ ആസ്ഥാനം രാമനഗരപ്രദേശം തന്നെ ആയിരിക്കും. ബംഗളുരുവിൽ നിന്നും നിന്നും 50 കിലോമീറ്റർ ദൂരെയാണിത്. മഗെഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകൾ കൂടി ഇതിൽ ഉൾപ്പെടും.
രാമനഗര യഥാർഥത്തിൽ ബംഗളുരു ജില്ലയായിരുന്നു. ഇന്ന് മന്ത്രിസഭയിൽ ഇതിനെ ബംഗളുരു സൗത്ത് ജില്ല എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചു. നിയമങ്ങളും ചട്ടങ്ങളും ഞങൾ പരിശോധിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. ബംഗളുരു സൗത്ത് ജില്ലക്ക് ഇത് സന്തോഷ വാർത്തയായിരിക്കും -ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ഈ തീരുമാനം മൂലം സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാവില്ല. എല്ലാ ഭൂമി രേഖകളും മാറ്റും. താനും ബംഗളുരു സൗത്ത് ജില്ലയിൽ നിന്നുള്ള ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ കോൺഗ്രസ് മേധാവി കൂടിയയായ ശിവകുമാറിൻറെ സ്വന്തം ജില്ലയാണ് ബംഗളുരു സൗത്ത്. ജില്ലയിലെ നിമയസഭ മണ്ഡലത്തെയും അദ്ദേഹം തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജില്ലയുടെ പേര് മാറ്റുന്നതിനുള്ള നിർദ്ദേശവുംഅദ്ദേഹം തന്നെയാണ് മുന്നോട്ട് വെച്ചത്. ബംഗളുരു നഗരം, ബംഗളുരു റൂറൽ എന്നിവയെല്ലാം നേരത്തെ ബംഗളുരു ജില്ലയുടെ ഭാഗമായിരുന്നു. നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നാണ് ബംഗളുരു സൗത്ത് ജില്ലാ എന്ന പേര് മന്ത്രിസഭ തീരുമാനിച്ചതെന്നും ശിവകുമാർ വ്യക്തമാക്കി