ജുബൈൽ: എട്ടു മാസത്തോളമായി ജോലിയും ശമ്പളവും കിട്ടാതെ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികൾക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ആശ്വാസമായി. മലയാളികൾക്ക് പുറമെ ഉത്തർ പ്രദേശ്, ബീഹാർ, തമിഴ്‌നാട്, ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളായിരുന്നു ദുരിതത്തിൽ അകപ്പെട്ടത്.
നേരത്തെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനിയിലെ തൊഴിലാളികൾക്ക് എട്ട് മാസമായി ജോലിയോ വേതനമോ നാട്ടിൽ പോവാനുള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. ജുബൈലിലെ സാമൂഹിക പ്രവർത്തകർ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ദയിൽ കൊണ്ട് വരികയും എംബസ്സിയിൽ വിവരം അറിയിക്കുകയും ചെയ്‌തതിനെ തുടർന്ന് തൊഴിൽ വകുപ്പ് തർക്ക പരിഹാര വിഭാഗവും ലേബർ ഓഫീസ് ഉദ്യോഗസ്ഥരും തൊഴിലാളികളെ സന്ദർശിച്ചു നടപടികൾ ആരംഭിച്ചു.
എംബസി വളണ്ടിയറും ജുബൈൽ പ്രവാസി വെൽഫെയർ ജനസേവനവിഭാഗം കൺവീനറുമായ സൈഫുദ്ധീൻ പൊറ്റശ്ശേരിയും ഇന്ത്യൻ എംബസി ലേബർ വെൽഫെയർ വിഭാഗം ഉദ്യോഗസ്‌ഥൻ സഅദുല്ലയും ജുബൈൽ അൽ ജുഅയ്‌മ ഏരിയ ലേബർ ഓഫീസ് സന്ദർശിച്ചു. ലേബർ ഓഫീസർ മുതലഖ് ഖഹ്താനി, തൊഴിൽ തർക്ക പരിഹാര വിഭാഗം ഓഫീസർ ഹസൻ ഹംബുബ ഉദ്യൊഗസ്ഥൻ ഖീം അബൂ ജവാദ് എന്നിവരുമായി ചർച്ചയും നടത്തി.
ലേബർ ഫയറുടെ നിർദ്ദേശ പ്രകാരം തൊഴിൽ വകുപ്പ് അന്വേഷണ വിഭാഗം ഓഫീസർ മുസാഅദ് അൽ അഹ്‌മരിയും സഅദുല്ലയും എംബസി ഉദ്യോഗസ്‌ഥൻ സൈഫുദ്ധീൻ പൊറ്റശ്ശേരിയും ലേബർ ക്യാമ്പ് സന്ദർശിച്ചു കമ്പനി ജോലിക്കാരുമായി നേരിൽ കണ്ടു പ്രശ്നങ്ങൾ പഠിച്ചു പരിഹാര മാര്ഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ ഫൈനൽ എക്‌സിറ്റ് അടിച്ചു നാട്ടിൽ പോവാതെ കാലാവധി തീർന്ന തൊഴിലാളികൾക്ക് ജുബൈൽ ജവാസാത്തുമായി ബന്ധപെട്ട് തടസം നീക്കാനുള്ള ശ്രമങ്ങളും സൈഫുദ്ധീൻ പൊറ്റശ്ശേരി നടത്തുന്നുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ ഇല്ലാത്ത എൺപതോളം തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റിന്റെ നടപടി ക്രമങ്ങൾ തുടങ്ങിയതായി ഓഫീസർ മുഹമ്മദ് അൽ ഖുവൈലിദി അറിയിച്ചു.



