മലപ്പുറം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മങ്കട മണ്ഡലത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. മങ്കടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.പി. അലവി തന്റെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുന്നതായി സ്ഥിരീകരിച്ചു. മുസ്ലിം ലീഗിൽ നിന്ന് വിമതനായി മത്സരിക്കുന്ന കുന്നത്ത് മുഹമ്മദിന് ഇടതുമുന്നണി പിന്തുണ നൽകാനാണ് പുതിയ തീരുമാനം.
മങ്കടയിൽ സിറ്റിങ് എം.എൽ.എയായ മഞ്ഞളാംകുഴി അലിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും, അദ്ദേഹം കാണിച്ച രാഷ്ട്രീയ ചതിക്ക് വോട്ടിലൂടെ മറുപടി നൽകുമെന്നും അലവി പ്രതികരിച്ചു. കുന്നത്ത് മുഹമ്മദ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സാഹചര്യത്തിൽ തന്റെ മത്സരത്തിന് ഇനി പ്രസക്തിയില്ലെന്ന് കണ്ടാണ് ഈ പിന്മാറ്റം. എൽ.ഡി.എഫിന്റെ ഈ നീക്കത്തോടെ മങ്കടയിലെ തിരഞ്ഞെടുപ്പ് പോരാട്ടം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.



