റാഞ്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ നടത്തിയ വിമർശനത്തിൽ ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു ജാർഖണ്ഡ് കോടതി. ജാർഖണ്ഡിലെ എംപി-എംഎൽഎ കോടതിയാണ് പ്രതിപക്ഷനേതാവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ജൂൺ 26 ന് മുൻപായി രാഹുൽ ഗാന്ധി കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് വാറണ്ട്.
ഹാജരാകേണ്ട തിയ്യതിയിൽ ഇളവ് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ സമർപ്പിച്ച ഹരജി തള്ളികൊണ്ടായിരുന്നു കോടതി വിധി. ബിജെപി നേതാവ് പ്രതാപ് കാട്ടിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതക കേസ് ഉള്ളവർക്കും ബിജെപി പ്രസിഡന്റാവാം എന്നായിരുന്നു രാഹുലിന്റെ പരാമർശം. അമിത് ഷായെ ഉദ്ദേശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രാഹുലിന്റെ പരാമർശം ബിജെപി പ്രവർത്തകരെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു പ്രതാപ് കാട്ടിയാർ കൊടതിയെ സമീപിച്ചത്.
ജാർഖണ്ഡ് ചൈബാസയിലെ എംപി-എംഎൽഎ കോടതിയിലെത്തിയ കേസിൽ രാഹുലിന് നിരന്തരം സമൻസ് അയച്ചിരുന്നു. എന്നാൽ രാഹുൽ കോടതിയിലെത്താൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. രാഹുൽ ഇതിനെതിരെ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. തുടർന്ന് കോടതിയിൽ നേരിട്ടെത്തുന്നതിൽ ഇളവ് ആവശ്യപ്പെടുകയായിരുന്നു.