അൽകോബാർ: പി.എസ്.സി പരീക്ഷകളുടെ സെന്ററുകൾ സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലും അനുവദിക്കണമെന്ന് നവയുഗം ആവശ്യപ്പെട്ടു. കേരള സംസ്ഥാന സർക്കാർ ജോലികൾക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്ന കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരം പ്രവാസികൾക്കും ലഭിക്കുന്നതിന് പി.എസ്.സി പരീക്ഷകളുടെ സെന്ററുകൾ സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലുും അനുവദിക്കണമെന്ന് നവയുഗം സാംസ്ക്കാരിക വേദി കോബാർ മേഖല സമ്മേളനം ഔപചാരിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സർക്കാർ ജോലി എന്നത് അഭ്യസ്തവിദ്യരായ എല്ലാ മലയാളികളുടെയുും സ്വപ്നമാണ്. പതിനായിരങ്ങൾ പങ്കെടുക്കുന്ന പി എസ് സി പരീക്ഷ എഴുതി പാസ്സാകുക എന്നതാണ് അതിനുള്ള ഒരേയൊരു മാർഗ്ഗവും. എന്നാൽ കാലങ്ങളായി പ്രവാസികൾക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലീവെടുത്തു നാട്ടിൽ പോയി പി എസ് സി പരീക്ഷ എഴുതുക എന്നത് ഭൂരിഭാഗം പ്രവാസികൾക്കും സാധ്യമായ കാര്യമല്ല. അവർ ജീവിക്കുന്ന രാജ്യങ്ങളിൽ തന്നെ പരീക്ഷ എഴുതാൻ അവസരം ഉണ്ടായാൽ, പ്രവാസികൾക്കും സർക്കാർ ജോലി ലഭിയ്ക്കാനുള്ള സാധ്യത ഉണ്ടാകും. അതിനാൽ പി.എസ്.സി പരീക്ഷകളുടെ സെന്ററുകൾ ഗൾഫ് രാജ്യങ്ങളിലും അനുവദിക്കണമെന്ന് സുധീർ അവതരിപ്പിച്ച സമ്മേളന പ്രമേയം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
കോബാർ ക്‌ളാസ്സിക്ക് റെസ്റ്റാറെന്റ് ഹാളിലെ ഷൈജു തോമസ് നഗറിൽ നടന്ന നവയുഗം കോബാർ മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ഉത്‌ഘാടനം ചെയ്തു. ബിനു കുഞ്ചു, സഹീർഷാ കൊല്ലം, ഷമി ഷിബു എന്നിവർ അടങ്ങിയ പ്രിസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. അനീഷാകലാം, സുധീർ എന്നിവർ പ്രമേയ കമ്മിറ്റിയിലും, സുധീഷ്, അന എന്നിവർ മിനിട്ട് കമ്മിറ്റിയിലും പ്രവർത്തിച്ചു. മേഖല രക്ഷധികാരി അരുൺ ചാത്തന്നൂർ സ്വാഗതം പറഞ്ഞു.
ദീപ സുധീഷ് രക്തസാക്ഷി പ്രമേയവും, മീനു അരുൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രെട്ടറി ബിജു വർക്കി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഉണ്ണി മാധവം, ദാസൻ രാഘവൻ, നിസ്സാം കൊല്ലം, ഗോപകുമാർ, ശരണ്യ ഷിബു, സാജൻ കണിയാപുരം എന്നിവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തി. നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് സംഘടനാ വിശദീകരണം നടത്തി. റിപ്പോർട്ടിന്മേൽ ചർച്ചയിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു വിനോദ്, സാബിത്, ഖാദർ, പ്രകാശ്, റബീഷ്, സാജി അച്യുതൻ, ആദർശ് എന്നിവർ സംസാരിച്ചു.
വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കോബാർ മേഖല സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനം 28 അംഗ മേഖല കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.