ഇംഫാൽ: മണിപ്പൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിൽ നിന്ന് ‘മണിപ്പൂർ’ എന്നെഴുതിയ ബോർഡ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്ന് രക്ഷപ്പെടാനാണ് മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്യേണ്ടി വന്നത്. മണിപ്പൂരിൽ സ്വാധീനമുള്ള സംഘടനയായ കോ-ഓർഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി (COCOMI) അംഗങ്ങളാണ് പ്രതിഷേധിക്കുന്നത്.
മെയ് 20 ന് ഉഖ്രുലിലെ ഷിരുയി ലില്ലി ഫെസ്റ്റിവലിലേക്ക് മാധ്യമപ്രവർത്തകരെ കൊണ്ടുപോയ മണിപ്പൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു, ബസ് ചിഹ്നങ്ങളിൽ നിന്ന് ‘മണിപ്പൂർ’ എന്ന വാക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്. സംസ്ഥാനത്തിന്റെ സ്വത്വത്തിനെ അപമാനിക്കുന്നതായി ഈ നീക്കം വ്യാപകമായ വിലയിരുത്തപ്പെട്ടു.
ഇതിൽ പ്രതിഷേധിച്ച് മണിപ്പൂരിലുടനീളം 48 മണിക്കൂർ പണിമുടക്ക് നടത്തി. ഇംഫാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രാമധ്യേ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ആണ് ഗവർണറെ ഇന്ത്യൻ ആർമി ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്തത്. വിമാനത്താവളത്തിന്റെ ഗേറ്റിൽ നിന്ന് കെയ്ഷാംപത് ജംഗ്ഷൻ വരെ ഏകദേശം 5.5 കിലോമീറ്റർ നീണ്ടുനിന്ന പ്രതിഷേധത്തിൽ നിരവധി വിദ്യാർത്ഥികളും പങ്കെടുത്തു.
“ഞങ്ങൾ സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധിക്കുന്നു. ഹെലികോപ്റ്ററിൽ രക്ഷപ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണ്”. ഗവർണ്ണർ ഹെലികോപ്റ്ററിൽ പോയതിൽ ഒരു പ്രതിഷേധക്കാരൻ പ്രതികരിച്ചത് ഇങ്ങനെയാണ്.