മംഗളുരു: മംഗളൂരുവിൽ പള്ളികമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. ഇംതിയാസ് എന്നയാളെയാണ് വെട്ടിക്കൊലപെടുത്തിയത്. ഒരു പ്രാദേശിക പള്ളികമ്മിറ്റിയുടെ സെക്രട്ടറിയാണ് ഇംതിയാസ്. അദ്ദേഹത്തിൻറെ സുഹൃത്തായ റഹ്‍മാൻ എന്നയാൾക്കും വെട്ടേറ്റിട്ടുണ്ട്. റഹ്‌മാൻ ഗുരുതരാവസ്ഥയിൽ ആശുപ്രത്രിയിലാണ്. മംഗളുരുവിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിലെ കാമ്പോഡി കൽപനയിലാണ് സംഭവം. വാൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
മെയ് മാസം ആദ്യത്തിൽ ബജ്‌റംഗ് ദൾ നേതാവും ഒരു കൊലപാതകക്കേസ് പ്രതിയുമായ സുഹാസ് ഷെട്ടി മംഗളൂരുവിൽ വെട്ടേറ്റു മരിച്ചിരുന്നു. വാടക കൊലയാളികളാണ് ഇയാളെ കൊലപ്പെടുത്തിയത് എന്ന റിപ്പോർട്ടുകളുണ്ട്. ഈ സംഭവുമായി ഇപ്പോഴത്തെ കൊലപാതകത്തിന് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.