റിയാദ്: ബലിപെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഉളുഹിയ്യത് കർമ്മം നിർവഹിക്കുന്നതിന് ഓൺലൈൻ ബുക്കിംഗ് സംവിധാനം. ദുൽ ഹിജ്ജ 1 ബുധനാഴ്ച മുതൽ സൗദി അറേബ്യയിലുടനീളമുള്ള അറവുശാലകൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.
ഗുണഭോക്താക്കളുടെ സമയം ലാഭിക്കുന്നതിനും തൊഴിൽ സുരക്ഷയും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം ഏർപെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കശാപ്പുശാലകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ഈ സേവനം പ്രയോജനപ്പെടും.
മന്ത്രാലയം പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചു വ്യക്തികൾ, കശാപ്പ് കട ഉടമകൾ, കമ്പനികൾ കാറ്ററിംഗ് കോൺട്രാക്ടർമാർ തുടങ്ങിയവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താനാവും. വിവിധ തരം കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് ഉചിതമായ ദിവസവും സമയവും തിരഞ്ഞെടുത്ത് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെ കശാപ്പുശാലയിൽ തിരക്കും നീണ്ട കാത്തിരിപ്പും അനുഭവിക്കാതെ സേവനവും സമയവും ലാഭിക്കാൻ ഗുണഭോക്താക്കൾക്ക് സാധിക്കും. .