കോട്ടയം: മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. കോട്ടയം പനച്ചിക്കാട് കൊല്ലാട് പാറക്കൽ കടവിലാണ് അപകടം ഉണ്ടായത്. കൊല്ലാട് പാറക്കൽ കടവ് പാറത്താഴെ വിജി ജോബി (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ജോഷി രക്ഷപെട്ടു. മരണപ്പെട്ട ജോബിയുടെ സഹോദരനാണ് ജോഷി. ഉച്ചക്ക് രണ്ടു മണിയിടെയായിരുന്നു അപകടം. മീൻ പിടിക്കാൻ പോയ സംഘത്തിലെ രണ്ടു പേരാണ് മരണപ്പെട്ടത്.
ചൂണ്ടയിട്ട് വള്ളത്തിൽ കാത്തിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി വള്ളം മുങ്ങുകയായിരുന്നു. നീന്തൽ അറിയാവുന്ന ജോഷി മറ്റു രണ്ടു പേരെയും രക്ഷിക്കാൻ ശ്രമിച്ചിരുന്നു. രണ്ടു പേരും ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നതായി ജോഷി പറയുന്നു. എന്നാൽ വള്ളം മുങ്ങിയതോടെ രണ്ട് പേരും മുങ്ങി താഴുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതാദേഹങ്ങൾ കണ്ടെത്തിയത്.