ബെംഗളൂരു: സാമ്പാറിനെ ചൊല്ലി ദമ്പതികൾക്കിടയിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി. കർണാടകയിൽ ബെംഗളൂരുവിനടുത്ത് ദേവനഹള്ളി താലൂക്കിലെ സേവനകനഹള്ളിയിലാണ് സംഭവം. നഗരത്നയെ(38)യാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പാറിന്റെ രുചിക്കുറവിനെ ചോദ്യം ചെയ്‌ത ഭർത്താവുമായി വഴക്കിട്ട് നഗരത്ന റൂമിൽ കയറി വാതിലടക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനൽ വഴി എത്തിനോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.
നഗരത്നയുടെ മരണം കൊലപാതമാണെന്ന് ആരോപിച്ചു യുവതിയുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു. സാമ്പത്തിക പ്രശ്ങ്ങളെ തുടർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരനും അമ്മയും ആരോപിച്ചു. വിശ്വനാഥപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു അന്വേഷണം തുടങ്ങി.
സാമ്പാറിൻറെ രുചിയെ കുറിച്ചുള്ള തർക്കം മാത്രമേ നടന്നിട്ടുള്ളൂവെന്ന് നഗരത്നയുടെ ഭർത്താവും മക്കളും പോലീസിൽ മൊഴി നൽകി.