മലപ്പുറം: തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന അൻവറിന്റെ തീരുമാനം നല്ലത്. ആരുണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫിന് നിലമ്പൂരിൽ ജയിച്ചേ മതിയാകൂ. അതിനായി ശക്തമായി മുന്നോട്ടു പോകും. പിണറായി സർക്കാരിന്റെ ഒൻപത് വർഷത്തെ നജനദ്രോഹ നടപടികൾ തുറന്നു കാണിക്കേണ്ട സമയത്ത് ഒരു വ്യക്തിയിൽ മാത്രം ചുറ്റിത്തിരിയുന്നത് ശരിയാവില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
അൻവറിന് എപ്പോൾ വേണമെങ്കിലും തീരുമാനം പുനഃപരിശോധിക്കാം. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചു കടന്നുവരാം. യുഡിഎഫിന് ഇനി അതിനായി കാത്തിരിക്കാനാവില്ല. പിവി അൻവർ യുഡിഎഫിനെ പിന്തുണക്കുമെന്ന് തന്നെയാണ് കരുതുന്നത്. യുഡിഎഫ് വിട്ടുവീഴ്ച്ച ചെയ്‌തിട്ടും അൻവർ കടുത്ത നിലപാട് എടുക്കുന്നത് ശരിയല്ല. ആരുടെ മുന്നിലും വാതിൽ കൊട്ടിയടക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
അൻവറിന്റെ തീരുമാനം യുഡിഎഫിനെ ബാധിക്കില്ല. അൻവർ കൂടെ നിന്നില്ലെങ്കിലും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. സിപിഎം ബിജെപി കൂട്ടുകെട്ട് ജനങളുടെ മുന്നിൽ തുറന്ന് കാണിക്കേണ്ടതുണ്ട്. മാത്രവുമല്ല, യുഡിഎഫിനെ തോൽപ്പിക്കണെമെന്ന താല്പര്യം അൻവറിന് ഉണ്ടെന്ന് കരുതുന്നില്ല. പ്രതിപക്ഷനേതാവിനും വിഡി സതീശനുമെതിരെ അൻവർ പറഞ്ഞത് അംഗീകരിക്കാനാവില്ല. ഇത് പിൻവലിച്ചു ഖേദം പ്രകടിപ്പിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. സ്ഥാനാർഥിയെ പിന്തുണച്ചാൽ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാമെന്ന് അൻവറിനെ അറിയിച്ചതാണ്.
അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത് ഞങ്ങളോടൊന്നും ആലോചിച്ചായിരുന്നില്ല. ടിഎംസി ഇന്ത്യൻ സഖ്യത്തിൽ അംഗമാണെങ്കിലും പല കാര്യങ്ങളിലും കോൺഗ്രസിനെ വിമർശിക്കുന്ന നിലപോടാണ് മമത ബാനർജിക്കുള്ളത്. അങ്ങിനെയുള്ള ഒരു പാർട്ടിയെ യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിൽ പ്രയാസമുണ്ട്. അൻവർ സർക്കാരിനെതിരെ നിലപാടെടുത്ത് പുറത്തു വന്ന സാഹചര്യത്തിലാണ് അസോസിയേറ്റ് അംഗമാകാൻ യുഡിഎഫ് തീരുമാനിച്ചിരുന്നത്. അതിന് അൻവർ സമ്മതം അറിയിച്ചിരുന്നതുമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.