39.8 C
Saudi Arabia
Friday, August 22, 2025
spot_img

പിവി അൻവർ മത്സരിക്കും; തൃണമൂൽ പാർട്ടി ചിഹ്നം അനുവദിച്ചു

മലപ്പുറം: പിവി അൻവർ നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ മത്സരിക്കും. തൃണമൂൽ കോൺഗ്രസ് അൻവറിന് പാർട്ടി ചിഹ്നം അനുവദിച്ചു. ഇത് സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ തൃണമൂൽ രാജ്യസഭാ പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാൻ ഉൾപ്പടെയുള്ള സംഘം ഇന്ന് കേരളത്തിലെത്തുമെന്ന് അറിയുന്നു.

പിവി അൻവർ മത്സര രംഗത്ത് വരുന്നതോടെ നിലമ്പൂരിലെ മത്സരം കടുക്കും. കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് ദീർഘകാലമായി തൃണമൂൽ കോൺഗ്രസിന് പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും നടന്നിരുന്നില്ല. മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളും മുന്നോട്ടുപോയിരുന്നില്ല. നിലമ്പൂർ തെരെഞ്ഞെടുപ്പ് തൃണമൂലിന് ഒരു പ്രധാന ചുവട് വെപ്പ് തന്നെയാവുമെന്ന് നിരീക്ഷിക്കുന്നു. ഇടത് സീറ്റിൽ ജയിച്ചു എംഎൽഎയായ അൻവർ രാജിവെച്ച ഒഴിവിലേക്കാണ് നിലമ്പൂരിൽ തെരെഞ്ഞെടുപ്പ് നടക്കുന്നത്.

പിണറായിസത്തിനെതിരെ ശബ്ദിച്ചു കൊണ്ടാണ് അൻവർ ഇടത് ബന്ധം അവസാനിപ്പിക്കുന്നതും എംഎൽഎ സ്ഥാനം രാജിവെക്കുന്നതും. യുഡിഎഫുമായി അടുക്കാനും മുന്നണിയിൽ ചേരാനും പല ശ്രമങ്ങളും അൻവർ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. നിലമ്പൂരിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യുഡിഎഫുമായി കൂടുതൽ അകലുകയായിരുന്നു. യുഡിഎഫ് ചെയർമാൻ വിഡി സതീശനെതിരെയും സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമർശനം ഉയർത്തിയാണ് അൻവർ മത്സരരംഗത്ത് വരുന്നത്.

പിണറായി സർക്കാരിനെതിരെ പ്രചരണവുമായി അൻവർ രംഗത്ത് വരുന്നതോടെ ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് യുഡിഎഫ് നേതൃത്വം ഭയക്കുന്നുണ്ട്. അൻവർ മൽസിക്കുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് ഇന്നലെ രാത്രി രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. അര മണിക്കൂറോളം ചർച്ച നടത്തിയ ശേഷമാണ് രാഹുൽ തിരിച്ചുപോയത്. രാഹുലിന്റെ നീക്കം ഫലം കണ്ടില്ലെന്നാണ് അറിയുന്നത്. അതിന് ശേഷമാണ് തൃണമൂലിന്റെ ഔദ്യോഗിക തീരുമാനം വരുന്നത്.

അൻവറുമായി ഇനി ചർച്ചയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. തൃണമൂലിനെ യുഡിഎഫിൽ അസോസിയേറ്റ് മെമ്പർ ആക്കാനുള്ള തീരുമാനം അൻവർ നേർത്ത തള്ളിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണക്കുകയാണെങ്കിൽ അസോസിയേറ്റ് മെമ്പർ ആക്കാമെന്നായിരുന്നു കോൺഗ്രസ് അൻവറിനെ അറിയിച്ചിരുന്നത്. നിർദേശം തള്ളിയ അൻവർ വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ പണമില്ലാത്തത് കൊണ്ട് മത്സര രംഗത്ത്‌ നിന്നും പിന്മാറുന്നു എന്നും കാശുമായി പല പ്രവർത്തകരും സമീപിക്കുന്നുണ്ട് എന്നും അൻവർ പറഞ്ഞിരുന്നു

Related Articles

- Advertisement -spot_img

Latest Articles