30.4 C
Saudi Arabia
Thursday, August 21, 2025
spot_img

ഹാജിമാർ അറഫയോട് വിട പറയുമ്പോൾ

മക്ക: വിശുദ്ധ ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ടതും രണ്ടാമത്തേതുമായ കർമ്മമാണ് അറഫാ സംഗമം. ഈ വർഷത്തെ ഹജ്ജിനെത്തിയ മുഴുവൻ ഹാജിമാരും ഇന്ന് അറഫയിൽ സംഗമിച്ചു. ഭരണകൂടത്തിന്റ ശക്തമായ ഇടപെടൽ കാരണം അനധികൃതമായി ഒരാൾക്കും അറഫയിലോ മിനയിലോ എത്തിപ്പെടാൻ സാധിച്ചില്ലെന്നത് ഹാജിമാർക്ക് സുഗമമായി കർമ്മങ്ങൾ നിർവഹിക്കാൻ സാധിച്ചു. ലോകത്തെ മറ്റൊരു രാഷ്ട്രത്തിനും ചെയ്യാൻ പറ്റാത്ത സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സൗദി ഭരണകൂടം അറഫയിലും മിനായിലെ സംവിധാനിച്ചിരിക്കുന്നത്. ഇന്ന് മഗ്‌രിബ് നിസ്കാരത്തോടെ മുഴുവൻ ഹാജിമാരും അറഫയിൽ നിന്നും മുസ്തലിഫയിലേക്ക് നീങ്ങും.

ഓരോ അറഫാ സംഗമങ്ങൾ പൂർത്തിയാവുമ്പോഴും അറഫ ലോകത്തിന് നൽകുന്ന സന്ദേശങ്ങൾ പ്രസ്കതമായി തുടരുന്നു. പ്രഥമ അറഫാ സംഗമത്തിൽ പ്രവാചകൻ നടത്തിയ പ്രഭാഷണം സമൂഹത്തിൽ ഇന്നും പ്രോജ്വലിച്ചുനിൽക്കുന്നു.എല്ലാ കാലഘട്ടത്തിലും ശ്രദ്ധേയമായ പഠനങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമായ പ്രഖ്യാപനമായിരുന്നു അത്.

രാഷ്ട്രീയം,മനുഷ്യാവകാശം, ബഹുസ്വരത, സാമ്പത്തിക സന്തുലിതാവസ്ഥ, നീതിന്യായം, സ്വാതന്ത്യം, സ്നേഹം, വ്യക്തി, കുടുംബം, സാമൂഹ്യം, കാരുണ്യം, മതജീവിതം, ഇസ്ലാമിക ദർശനത്തിൻ്റെ സാർവലൗകികത തുടങ്ങി നിരവധി വിഷയങ്ങളിലേക്ക് വെളിച്ചം വീശിയ പ്രഖ്യാപനം.”ഈ മാസവും ദിവസവും പവിത്രമായതു പോലെ നിങ്ങളുടെ രക്തവും ധനവും അന്ത്യനാൾവരെ പവിത്രമാണ്. എന്നു പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്. ലോകം ഇന്ന്അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയാണ് വർഗീയതയും വംശീയതയും നിറത്തിൻ്റെ പേരിലുള്ള വിവേചനവും. ഇത്തരം മനുഷ്യത്വ രഹിതമായ സമീപനങ്ങൾക്കെതിരെ നബി പ്രഖ്യാപിച്ചതിങ്ങനെയാണ്.

“നിങ്ങൾ ഒരേ പിതാവിൻ്റെ സന്തതികളാണ്. എല്ലാവരും ആദമിൽ (അ) നിന്നാണ്. ആദം(അ) മണ്ണിൽ നിന്നുമാണ്. അതുകൊണ്ട് തന്നെ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയേക്കാളോ മഹത്വമില്ല. മഹത്വം ഭക്തിയിൽ അധിഷ്ഠിതമാണ്. ഇത് പ്രഖ്യാപനം മാത്രമല്ല, പ്രായോഗിക ജീവിതത്തിൽ പ്രവാചകൻ കൊണ്ടുവരികയും ചെയ്തു. അതുകൊണ്ടാണ് ദേശ ഭാഷ വർണ വൈജാത്യങ്ങക്കതീതമായി മദീന മലർവാടിയിൽ സൗഹാർദം കളിയാടിയത്.

മർത്യരെ ചൂഷണം ചെയ്യാൻ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാത്ത ലോകമാണിത്. ഇവിടെയാണ് തൻ്റെ സഹോദരൻ സംതൃപ്തിയോടെ നൽകുന്നത് മാത്രമേ നിങ്ങൾക്ക് അനുവദനീയമാകൂ എന്ന പ്രഖ്യാപനം പ്രസക്തമാകുന്നത്. എല്ലാ മേഖലയിലെയും ചൂഷണത്തെ നബി എതിർത്തു. ഒപ്പം തന്നെ പലിശയടക്കമുള്ള സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ ശക്തമായ താക്കീത് നൽകി.”പലിശ ഇടപാടുകൾ ഇന്നുമുതൽ ദുർബലമായിരിക്കുന്നു.

മൂലധനം നിങ്ങൾക്കുള്ളതാണ്. പലിശ നിഷിദ്ധമാണ്. എൻറെ പിതൃവ്യൻ അബ്ബാസി(റ)നു ലഭിക്കാനുള്ള പലിശയിനത്തിലെ ധനം ഞാൻ റദ്ദാക്കിയിരിക്കുന്നു.” “ജനങ്ങളേ…സ്ത്രീകളോട് നിങ്ങൾക്ക് ബാധ്യതകളുണ്ട്. സ്ത്രീകൾക്ക് നിങ്ങളോടും ബാധ്യതകളുണ്ട്. നീചവൃത്തികൾ ചെയ്യരുത്. സ്ത്രീകളോട് കരുണയോടെ സമീപിക്കുക. അവർ നിങ്ങളുടെ പങ്കാളികളാണ്. നിങ്ങൾ അവരെ വിവാഹം ചെയ്തത് ഒരു അമാനത്തായിട്ടാണ്. ”

സ്ത്രീകൾ ഇരയാക്കപ്പെടുന്നതിനെതിരെ ഇങ്ങനെയാണ് പ്രവാചകൻ്റെ പ്രഖ്യാപനം.
അപരൻ്റെ ധനവും രക്തവും ജീവനും അപഹരിക്കാൻ എത്ര വേഗത്തിലാണിന്ന് സാധ്യമാവുന്നത്.ദയാദാക്ഷിണ്യം വരണ്ട ഹൃദയങ്ങളായി മാറുന്നതിൻ്റെ സൂചനയല്ലേ ഇവ. ഇല പൊഴിക്കുന്ന ലാഘവത്തിൽ തല പൊഴിക്കുന്ന കാലം. മറ്റുള്ളവരുടെ അദ്ധ്വാനത്തിന് ഒരു വിലയും കൽപിക്കാതെ അപരൻ്റെ സമ്പത്ത് കൊള്ളയടിക്കാൻ ഉപരിതല വർഗത്തിൽ നിന്ന് തന്നെ സഹായങ്ങൾ നൽകുന്നു. “മറ്റൊരാളുടെ ധനവും രക്തവും അഭിമാനവും നിങ്ങൾക്ക് നിഷിദ്ദമാണെന്ന ” പ്രഖ്യാപനം ഏറെ ശ്രദ്ധേയമല്ലേ.. “വിശ്വസിച്ചേൽപിച്ച വല്ലതും (അമാനത്ത്) ആരുടെയെങ്കിലും പക്കലു ണ്ടെങ്കിൽ അത് അവകാശികളിൾക്കു തന്നെ തിരിച്ചേൽപ്പിക്കുക.” എന്ന പ്രഖ്യാപനം ഒരാൾ ജീവതത്തിൽ പുലർത്തേണ്ട ക്രെഡിബിലിറ്റിയുടെ ഉദാഹരണമാണ്.

പൊതുമുതൽ കൈകാര്യം ചെയ്യുന്ന ഭരണവർഗത്തിനുള്ള മുന്നറിയിപ്പുമാണിത്. വിശ്വ സാഹോദര്യം നിലനിർത്താൻ ആഹ്വാനം ചെയ്യുന്നതിലൂടെ വ്യക്തിയും സമൂഹവും സ്നേഹമസൃണമായ സമീപനത്തിലൂടെ കഴിയാൻ കൽപിച്ചു.

നിങ്ങളുടെ കർമ്മങ്ങളെ കുറിച്ച് നാഥൻ ചോദിക്കുക തന്നെ ചെയ്യും. അതു കൊണ്ട് ആ ത്മാർത്ഥതയോടെയും ഉദ്ദേശ്യശുദ്ധിയോടെയും കർമ്മനിരതരാവുക. ഈ സന്ദേശം നിങ്ങൾക്ക് കൈമാറുന്നു. അല്ലാഹുവേ,നീയാണ് സാക്ഷി…

Related Articles

- Advertisement -spot_img

Latest Articles