തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വിവഹ തട്ടിപ്പ് നടത്തി പത്തിലേറെ പേരെ കബളിപ്പിച്ച യുവതി തിരുവനന്തപുരത്ത് അറസ്‌റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മയാണ് പിടിയിലായത്. പഞ്ചായത്ത് അംഗവുമായി അടുത്ത വിവാഹം നടക്കുന്നതിന് തൊട്ടുമുൻപാണ് യുവതി അറസ്റ്റിലായത്.
യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവും കുടുംബവും വിവാഹത്തിന് തൊട്ട് മുമ്പ് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് നേരത്തെ വിവാഹം കഴിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കല്യാണകത്തുൾപ്പടെയുള്ള സാധനങ്ങൾ കണ്ടെടുക്കുന്നത്. ഇവർ ഉടൻ തന്നെ ആര്യനാട് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഓൺലൈനിലൂടെയാണ് യുവതി വിവാഹത്തട്ടിപ്പ് നടത്തിയിരുന്നത്.
പത്തിലധികം വിവാഹം ചെയ്‌ത ശേഷമാണ് ആര്യനാട് സ്വദേശിയും പഞ്ചായത്ത് അംഗവുമായ യുവാവിനെ കബളിപ്പിക്കാൻ യുവതി ശ്രമം നടത്തിയത്. വിവാഹാലോചനകൾ ക്ഷണിച്ചുകൊണ്ട് ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇത് പ്രകാരം യുവാവിന്റെ നമ്പർ കണ്ടുപിടിച്ചു രേഷ്‌മയുടെ അമ്മയാണെന്ന് പറഞ്ഞാണ് ആദ്യം വിളിച്ചിരുന്നത്. ശേഷം രേഷ്‌മക്ക് കൈമാറുകയായിരുന്നു. അമ്മയുടെ പേരിലും രേഷ്‌മ തന്നെയായിരുന്നു സംസാരിച്ചിരുന്നത്.
കോട്ടയത്തെ ഒരു മാളിൽ വെച്ചാണ് ഇരുവരും കാണുന്നത്. പിന്നീട് പല കാര്യങ്ങളിലും സംശയം തോന്നിയ കാരണം രേഷ്‌മ മേക്കപ് റൂമിൽ കയറിയ സമയം ബാഗ് പരിശോധിക്കുകയായിരുന്നു.