മലപ്പുറം: ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി പെട്ടി പരിശോധന നടത്തിയത് വിവാദമാകുന്നു. ഇന്നലെ രാത്രി നിലമ്പൂർ വടപുറത്തായിരുന്നു സംഭവം. എംപിയും എംഎൽഎയും സഞ്ചരിച്ചിരുന്ന വാഹനം കൈ കാണിച്ചു തടഞ്ഞു നിർത്തി കാറും കാറിനകത്തെ പെട്ടിയും പരിശോധിക്കുകയായിരുന്നു.
ഷാഫി പറമ്പിൽ എംപിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെ സീറ്റിൽ തന്നെയുണ്ടായിരുന്നു. കാർ പരിശോധിച്ചതിന് ശേഷം കാറിന്റെ ഡിക്കിയിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്തു പരിശോധിച്ചു. വസ്ത്രങ്ങളും പുസ്‌തകങ്ങളും മാത്രമായിരുന്നു പെട്ടിയിൽ ഉണ്ടായിരുന്നത്. സ്വാഭാവിക പരിശോധന മാത്രമാണ് നടത്തിയതെന്നും എംഎൽഎയെയും എംപിയെയും മനസ്സിലായില്ലെന്നും പോലീസ് പറഞ്ഞു. പൊട്ടിമുളച്ചു എംഎൽഎയും എംപിയും ആയതല്ലെന്നും ഇതൊക്കെ കുറെ കണ്ടിട്ട് തന്നെയാണ് വന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പരിശോധന ഏക പക്ഷീയമാണെന്നും ഷാഫിയും രാഹുലും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും നേതാക്കളുടെയും വാഹനങ്ങൾ മാത്രമാണ് പരിശോധിക്കുന്നത്. സിപിഎമ്മിന് വേണ്ടി വേഷം കേട്ടേണ്ടെന്ന് ഷാഫി പറമ്പിൽപറഞ്ഞു. ഇടത് നേതാക്കളുടെ പെട്ടിയും ഇതേ പോലെ പരിശോധിക്കാമോ നിനക്ക് സർവീസിനുള്ള പാരിതോഷികം തരാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പോലീസുകാരോട് പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസും വാഹനത്തിലുണ്ടായിരുന്നു.
ഇത് ബോധപൂർവമായ ശ്രമമാണ്. തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ്. പാലക്കാട് പെട്ടി വിവാദത്തിന്റെ തനിയാവർത്തനം തന്നെയാണ് നിലമ്പൂരിലെ നടന്നത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് പ്രതികരിച്ചു