ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴുപേർക്ക് ദാരുണാന്ത്യം. പൈലറ്റടക്കം ഹെലികോപ്ടറിലുണ്ടായിരുന്ന മുഴുവൻ പേര് മരിച്ചെന്ന് പിടിഐ റിപ്പോർട്ട് ചെയ്‌തു. ഹെലികോപ്റ്ററിന്റെ സാങ്കേതിക തകരാറും മോശം കാലാവസ്ഥയുമാണ് അപകട കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടം ഉണ്ടായത്. ഡെറാഡൂണിൽ നിന്നും കേദാർനാഥിലേക്ക് പോയ ഹെലികോപ്റ്റർ ആയിരുന്നു അപകടത്തിൽ പെട്ടത്. ഗൗരീകുണ്ഡിനും സോങ് പ്രയാഗിനും ഇടയിൽ ഹെലികോപ്റ്റർ കാണാതായിരുന്നു. പിന്നാലെയാണ് ഹെലികോപ്റ്റർ തകർന്നു വീണ വാർത്ത പുറത്തുവരുന്നത്. ഇന്ന് പുലർച്ചെ 5.20 നാണ് അപകടം സംഭവിച്ചതെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സ്വദേശികളാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് എസ്‌ഡിആർഎഫ് ടീമുകൾ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീർഥാടകരായ യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. യാത്ര തുടങ്ങി ഉടൻ തന്നെ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു