അനിൽ കുമാറിന് രജിസ്ട്രാറായി തുടരാം; ഹൈക്കോടതി

കൊച്ചി: കെ എസ് അനിൽ കുമാറിന് കേരള സർവ്വകലാശാല രജിസ്ട്രാറായി തുടരാമെന്ന് ഹൈക്കോടതി. സസ്പെൻഷനെതിരെ അനിൽ കുമാർ നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി. സസ്‌പെൻഷൻ പിൻവലിച്ചതിൽ എതിർപ്പുണ്ടെങ്കിൽ വൈസ് ചാൻസലർക്ക് ഉചിതമായ സംവിധാനത്തെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

കേരള സർവ്വകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ ഇന്നലെ ചേർന്ന സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം റദ്ദാക്കിയിരുന്നു. താൽകാലിക വിസി ഡോ. സിസ തോമസിന്റെ വിയോജന കുറിപ്പോടെയായിരുന്നു പ്രത്യേക സിൻഡിക്കേറ്റ് യോഗ തീരുമാനം. യോഗത്തിൽ ഇടത് അംഗങ്ങളാണ് രജിസ്ട്രാറുടെ സസ്‌പെൻഷൻ തീരുമാനം റദ്ദാക്കൽ പ്രമേയം അവതരിപ്പിച്ചത്. 24 അംഗങ്ങളിൽ 16 പേർ പിന്തുണച്ചതോടെ പ്രമേയം പാസായത്.

വിസിയുടെ വിയോജിപ്പ് സിൻഡിക്കേറ്റ് തള്ളുകയും ചെയ്‌തു. സസ്‌പെൻഷൻ നടപടി അന്വേഷിക്കാൻ അഡ്വ. ജി മുരളീധരൻ, ഡോ. നസീബ്, ഡോ. ഷിജു ഖാൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സെനറ്റ് ഹാളിൽ നടന്ന വിവാദ പരിപാടിയുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു.

ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ജൂൺ 25 നാൻ രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറിനെ വിസി മോഹൻ കുന്നുമ്മൽ സസ്പെൻറ് ചെയ്‌തത്‌. അതേസമയം രജിസ്ട്രാറുടെ സസ്പെൻഷൻ തീരുമാനം റദ്ദാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച സിൻഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നും താൽക്കാലിക വിസി സിസ തോമസ് ഇന്നലെ പറഞ്ഞിരുന്നു.

സിൻഡിക്കേറ്റ് പിരിച്ചുവിട്ട ശേഷമാണ് സസ്പെൻഷൻ റദ്ദാക്കുന്ന തീരുമാനമെടുത്തത്. രജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം പ്രമേയമായി അവതരിപ്പിച്ചപ്പോഴേ താൻ യോഗം പിരിച്ചുവിട്ടു ഇറങ്ങിപോയതാണ്, അതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമസാധുതയില്ലെന്നും അവർ പറഞ്ഞിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles