ജിസാൻ: കോഴിക്കോട് സ്വദേശിയെ ജിസാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് പരുത്തിപ്പാറ വടക്കെണി പൂവത്തുംകണ്ടി വീട്ടിൽ അഫ്‌സൽ താഹയെയാണ്. ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തിയത്. ബൈഷിൽ താമസസ്ഥലത്ത് ഉറങ്ങുകയായിരുന്ന അഫ്‌സൽ താഹയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടെ കമ്പനിയിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിയാണ് അഫ്‌സൽ താഹയെ മരിച്ച നിലയിൽ ആദ്യം കാണുന്നത്.
കമ്പനിയധികൃതർ അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം അൽദർബ് ആശുപത്രിയിലേക്ക് മാറ്റി. ദീർഘകാലമായി അപസ്മാര രോഗിയാണ് അഫ്‌സലെന്ന് കൂടെ ജോലി ചെയ്യുന്നവർ പറയുന്നു. എട്ട് വർഷമായി റിവൈവ കമ്പനിയിൽ ജോലി ചെയ്യുകയാണ് അഫ്‌സൽ താഹ.
വടക്കെണി കൊയാലിയുടെയും ഖദീജയുടെയും മകനാണ്. വിവാഹിതനാണ്. മൂന്ന് മക്കളുണ്ട്. കെഎംസിസി നാഷണൽ സെക്രട്ടറി ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ കെഎംസിസി പ്രവർത്തകർ തുടർ നടപടികളുമായി മുന്നോട്ടു പോവുന്നുണ്ട്.