റിയാദ്: താമസസ്ഥലത്ത് എസി പൊട്ടിത്തെറിച്ചു ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന മലയാളി ആശുപത്രിയിൽ മരണപെട്ടു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിൻറെ മകൻ സിയാദ് (36) ആണ് മരണപ്പെട്ടത്.
സിയാദ് റിയാദിലെ എക്‌സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ടിന് ശേഷമായിരുന്നു സംഭവം. എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ എക്‌സിറ്റ് ഒമ്പതിലെ അൽ മുവാസാത് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്‌ച ഉച്ചക്കാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം റിയാദിലെ ഹയ്യ് സലാം മഖ്ബറയിൽ മറവ് ചെയ്യും.
സൗദി പൗരൻറെ വീട്ടിൽ ഏഴു വർഷമായി ഡ്രൈവറയി ജോലി ചെയ്യുകയാണ്. ഭാര്യവും മകളുമുണ്ട്. ഉമ്മുകുൽസുവാണ് മാതാവ്. സുമയ്യ ഏക സഹോദരിയാണ്. സഹോദരപുത്രൻ മുഹമ്മദ് ഷമീർ മാലിപ്പുറം റിയാദിലുണ്ട്. എറണാകുളം പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ജിബിൻ സമദ്, അലി ആലുവ, കരീം കാണാംപുറം ജൂബി ലൂക്കോസ്, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവരുടെ നേതൃത്വത്തിൽ സിയാദിൻറെ മരണാനന്തര നടപടികൾ നടന്നുവരുന്നു.