മോസ്കോ: ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ ഇറാന് പരസ്യ പിന്തുണയുമായി റഷ്യ. ഇറാന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും സംയമനം പാലിക്കേണ്ടത് ഇസ്രായേലാണെന്നും റഷ്യൻ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രി സെർജി റിബ്‌കോവ് പറഞ്ഞതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. ഇസ്രായേലാണ് പ്രാഥമികമായി സംയമനവും സാമാന്യ ബുദ്ധിയും കാണിക്കേണ്ടത്. ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ പരിണിത ഫലങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര അസമൂഹത്തിന് ഒന്നാകെ ആശങ്കയുണ്ടാക്കുന്നു. പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളോട് ലോക വിപണികൾ എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്ന് ഞങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ഇറാൻ ഇസ്രായേൽ സംഘർഷം ഒഴിവാക്കാൻ റഷ്യ ഇടപെടലുകൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇറാൻ പ്രസിഡൻറ് മസ്ഊദ് പെരസ്‌കിയാനുമായും യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ സംസാരിച്ചിരുന്നു. സംഘർഷം കുറക്കാൻ എല്ലാവിധ സഹായങ്ങളും റഷ്യ വാഗ്‌ദാനം ചെയ്‌തു. സമാധാന ചർച്ചകളിൽ മധ്യസ്ഥംണ് വഹിക്കാനുള്ള സന്നദ്ധതയും പുടിൻ അറിയിച്ചു.
ഇസ്റായേൽ ആക്രമണത്തെ അപലപിച്ച പുടിൻ ആണവ പദ്ധതിയുമായി ബന്ധപെട്ട പ്രശ്ങ്ങൾ പരിഹരിക്കാനുള്ള നടപടികളും മസ്ഊദ് പെരസ്‌കിയാനുമായുള്ള സംഭാഷണത്തിൽ പങ്കുവെച്ചു. ചർച്ചകളിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയും ആണവ പദ്ധതികളുമാമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാഷ്ട്രീയമായും നയതന്ത്രവുമായ മാർഗത്തിൽ പരിഹരിക്കേണ്ടതിൻറെ പ്രാധാന്യവും നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ പുടിൻ പറഞ്ഞു.
അതേ സമയം ഇസ്രായേൽ ടെഹ്റാനിൽ വീണ്ടും ആക്രമണം ആരംഭിച്ചിരിക്കുകയാണ്. ജനങ്ങൾ ഒഴിഞ്ഞുപോവണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ടെഹ്റാനിൽ വ്യാപകമായ വ്യോമാക്രമണം ഉണ്ടായത്. ഇതിന് മറുപടിയായി തെൽഅവീവിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോവാൻ ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.