ടെഹ്‌റാൻ: ഇസ്രായേൽ ആക്രമിച്ച ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി ചാനലിൻറെ ആസ്ഥാനത്തിന് മുന്നിൽ നിന്നും തത്സമയം വാർത്ത റിപ്പോർട് ചെയ്‌ത് മാധ്യമ പ്രവർത്തകൻ. മിസൈൽ ആക്രമണത്തിൽ തീപിടിച്ചു തീ പടരുന്ന ഓഫീസിനു മുന്നിൽ നിന്നാണ് മാധ്യമ പ്രവർത്തകന്റെ റിപ്പോർട്ടിംഗ്. ആക്രമണത്തിൽ തൻറെ എത്ര സഹപ്രവർത്തകർ കൊല്ലപെട്ടുവെന്നതിൽ കൃത്യതയില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്.
തത്സമയ സംപ്രേഷണത്തിനിടെയാണ് സ്ഥാപനത്തിന് നേരെ ഇസ്രായേൽ മിസൈൽ വർഷിച്ചത്. ഔദ്യോഗിക വാർത്താ മാധ്യമം അപ്രത്യക്ഷമാവാൻ പോകുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് സംഭവം. തുടർന്ന് സംപ്രേഷണം നിർത്തിവെച്ചുവെങ്കിലും ഉടൻ പുരാരംഭിക്കുകയായിരുന്നു. മറ്റൊരിടത്തുനിന്നാണ് സംപ്രേഷണം പുനഃരാരംഭിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന ആക്രമണമാണ് നടക്കുന്നതെന്ന് വാർത്താവതാരക പറഞ്ഞു.
ഔദ്യോഗിക മാധ്യമ സ്ഥാപനം ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ഇറാൻ തലസ്ഥാനത്തുനിന്നും ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടതിന് പിന്നലെയാണ് ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം നടത്തിയത്. ഇതിനിടെ തെഹ്റാനിലെ വിദേശ എംബസികൾ എല്ലാം അടച്ചതായാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ വിദ്യാർഥികളെ അർമേനിയൻ അതിർത്തി വഴി ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.