കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ട് പോലീസുകാർ കസ്റ്റഡിയിൽ. പോലീസ് ഡ്രൈവർമാരായ സനിത്ത്, ഷൈജിത്ത് എന്നിവരാണ് താമരശ്ശേരിയിൽ പിടിയിലായത്. സുരക്ഷിതമായ ഒളിത്താവളം തെരയുന്നതിനിടയിലാണ് ഇവർ നടക്കാവ് പൊലീസിൻറെ പിടിയിലാവുന്നത്.
പോലീസുകാരുടെ വാഹനം ഉൾപ്പെടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സെക്‌സ് റാക്കറ്റിൽ ഇവരുടെ പങ്ക് തെളിഞ്ഞതിനെ തുടർന്ന് സർവീസിൽ നിന്നും ഇവരെ സസ്പെൻഡ് ചെയ്‌തിരുന്നു. ഇവർക്ക് സെക്‌സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിരുന്നു. തുടർന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ മനീഷ് കുമാർ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തികൊണ്ടിരിക്കുകയാണ്. ഇയാളാണ് കെട്ടിടം വാടകക്ക് വാങ്ങിയത്. നടത്തിപ്പുകാരായ മൂന്നുപേർ ഉൾപ്പടെ ഒൻപത് പേരായിരുന്നു പരിശോധനയിൽ പോലീസ് പിടിയിലായിരുന്നത്