ദുബായ് : ഉന്നത വിദ്യാഭ്യാസത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന യു എ യിൽ ഇന്ത്യൻ സർവകലാശാലാകൾ പ്രധാന പങ്ക് വഹിക്കുന്നതായി പഠനം. ഉയർന്ന നിലവാരത്തിലുള്ള കാമ്പസുകളിൽ താങ്ങാനാവുന്ന വിദ്യാഭ്യാസം നൽകാൻ ഇന്ത്യൻ സർവകലാശാലാകൾക്ക് സാധ്യമാകുന്നതായും വിലയിരുത്തപ്പെടുന്നു.
രാജ്യത്തിന്റെ വളരുന്ന അക്കാദമിക് വിശ്വാസ്യതയ്ക്കും ആകർഷണത്തിനും സംഭാവന നൽകുന്ന ഇന്ത്യൻ സർവകലാശാലകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യ-യുഎഇ പങ്കാളിത്തം അതിർത്തി കടന്നുള്ള പഠനത്തിന്റെ പുതിയ മാതൃകകൾ പ്രാപ്തമാക്കുന്നുണ്ടെന്ന് രാജ്യത്തെ അധ്യാപകർ പറഞ്ഞു.
ആഗോള റാങ്കിംഗിൽ 390 ശതമാനം വരുന്ന വർദ്ധനവാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ സർവകലാശാലകൾ കാണിച്ചത്. ഇതിൽ പലരും ഇപ്പോൾ യുഎഇയിൽ കാമ്പസുകൾ സ്ഥാപിക്കുന്നുണ്ട്. പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാകാനുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടുമായി ഒത്തുപോകുന്ന ഒരു നീക്കമായാണ് ഇതിനെ കാണുന്നത്.
ഇന്ത്യയുടെ അഭിമാന സ്ഥപനങ്ങളിൽ ഒന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയുടെ ആദ്യ അന്താരാഷ്ട്ര ശാഖയായ അബുദാബി കാമ്പസ് യു എ യിയുടെ നവീകരണത്തിനും കഴിവുകളുടെ വികസനത്തിനുമുള്ള ഒരു ആഗോള കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്നു. ഇന്ത്യൻ സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ കുതിച്ചുചാട്ടം ആഗോള വിശ്വാസ്യതയെ ഗണ്യമായി വർദ്ധിപ്പിക്കുകയും പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രമായി ഉയർന്നുവരാനുള്ള യുഎഇയുടെ കാഴ്ചപ്പാടുമായി നന്നായി യോജിക്കുകയും ചെയ്യുന്നുവന്നതാണ് ഉയർച്ചക്ക് കാരണമെന്ന് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് ഡയറക്ടർ സൗരി ബാനർജി പറഞ്ഞു. മേഖലയിലെ അക്കാദമിക് സാധ്യതകളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുവാനും യുഎഇയിൽ ലഭ്യമായ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആത്മവിശ്വാസം ശക്തിപ്പെടുത്തുവാനും ഇന്ത്യൻ സ്ഥാപനങ്ങൾക്ക് സാധ്യമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സ്ഥാപനങ്ങൾ ആഗോളതലത്തിൽ വികസിക്കുമ്പോൾ, യുഎഇയിലെ അവയുടെ സാന്നിധ്യം അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസത്തിൽ ഗൗരവമുള്ള നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നുവെന്നാണ് സിംബയോസിസ് ദുബായിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അനിത പടങ്കർ അഭിപ്രയപെട്ടത്. വിദ്യാർത്ഥികൾ ഇനി ബിരുദം മാത്രമല്ല അന്വേഷിക്കുന്നത്. പ്രസക്തി, ചലനാത്മകത, യഥാർത്ഥ ഫലങ്ങൾ എന്നിവ കൂടിയാണ് അന്വേഷിക്കുന്നത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇന്ത്യൻ സർവകലാശാലകൾ ദുബായിൽ ആ വാഗ്ദാനം നിറവേറ്റുന്നു. അവർ കൂട്ടിച്ചേർത്തു.
യൂറോപ്യൻ , അമേരിക്കൻ രാജ്യങ്ങൾ നടപ്പിലാക്കി വരുന്ന പുതിയ നിയന്ത്രണങ്ങളും കർശനമായ കുടിയേറ്റ നയങ്ങളും ഗൾഫ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലേയ്ക്കുള്ള ഒഴുക്ക് വർദ്ധിക്കാൻ കാരണമാകുന്നതായി ഫ്യുച്ഛറൈസ് ട്രെയിനിങ് സെന്റർ ഡയറക്റ്റർ ഉമർ മേൽമുറി പറഞ്ഞു. യുഎഇ ഇക്കാര്യത്തിൽ പ്രധാന അക്കാദമിക് ഹബ്ബ് ആയി മാറുകയാണ്. ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത ഈ പുതിയ വിദ്യാഭ്യാസ പ്രവണത, അന്താരാഷ്ട്ര യൂണിവേഴ്സിറ്റികൾക്ക് പുതിയ സാധ്യതകളാണ് തുറന്ന് നൽകുന്നതെന്നും ഉയർന്ന നിലവാരമുള്ള പാഠ്യപദ്ധതിയും സാങ്കേതിക വിദ്യക്ക് പ്രാധാന്യം നൽകിയുള്ള കോഴ്സുകളും നൽകാൻ തയ്യാറാകുന്ന സ്ഥാപനങ്ങൾക്കിതൊരു സുവർണാവസരമാണെന്നും ഉമ്മർ മേൽമുറി കൂട്ടിച്ചേർത്തു
യുഎഇയിലെ വലിയ തോതിലുള്ള ഇന്ത്യൻ പ്രവാസി സമൂഹവും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം തേടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളും കണക്റ്റിവിറ്റി, സുരക്ഷ, നവീകരണത്താൽ നയിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് പേരുകേട്ട യു എ യിയിലെ വളർന്നുവരുന്ന സാന്നിധ്യത്തെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.