തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്തത് ചികിത്സ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ നേരത്തെ അറിയിച്ചിരുന്നുവെന്ന് ഡോ. ഹാരിസ് ചിറക്കൽ. ഉപകരണ ക്ഷാമം മൂലം രോഗികൾക്ക് മതിയായ ചികിത്സ ലലഭിക്കുന്നില്ല എന്നത് വസ്തുതയാണെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു.
എല്ലാ വിഭാഗങ്ങളിലും പ്രതിസന്ധി നിലനിൽക്കുന്ന വിവരം പ്രിന്സിപ്പലിനെയും സൂപ്രണ്ടിനേയും നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും പ്രിന്സിപ്പലിനോടൊപ്പം കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരിടപെടലും ഉണ്ടായിട്ടില്ല, ആരോഗ്യ മന്ത്രിക്ക് ചിലപ്പോൾ വിവരങ്ങൾ അറിവില്ലാത്തതായിരിക്കാം ഡോ. ഹാരിസ് പറഞ്ഞു. നിരവധി രോഗികളാണ് ശസ്ത്രക്രിയക്ക് കാത്തുനിൽക്കുന്നത്. പലപ്പോഴും രോഗികൾ തന്നെ ഉപകരണങ്ങൾ വാങ്ങി തരേണ്ട സാഹചര്യമാണുള്ളത്. ശസ്ത്രക്രിയാ ഉപകരണങ്ങൾ ആവശ്യപ്പെട്ട് നേരത്തെയും കത്ത് നൽകിയിട്ടുണ്ട്. ഉപകരണങ്ങൾ ലഭിച്ചില്ലെങ്കിൽ ശസ്ത്രക്രിയ മുടങ്ങുമെന്നും അറിയിച്ചിരുന്നു, നടപടിയൊന്നും ഉണ്ടായില്ല.
കാര്യങ്ങൾ തുറന്നു പറയുന്നതിനാൽ തനിക്കെതിരെ വിജിലൻസ് അന്വേഷങ്ങൾ ഉണ്ടായേക്കാനും കൈക്കൂലി ആരോപണം ഉയർത്താനും സാധ്യതയുണ്ട്. കടുത്ത മാനസിക സമ്മർദ്ദമാണ് ഞാൻ അനുഭവിക്കുന്നതെന്നും ഡോ. ഹാരിസ് പറഞ്ഞു. നടപടി ഭയമോ ഒറ്റപെടുമെന്ന ആശങ്കയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് അന്വേഷണം വന്നാലും സഹകരിക്കും. നിവൃത്തികേട് കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ കൂടി വസ്‌തുതകൾ പുറത്തു വിട്ടത്. ഞാൻ അല്ല തന്റെ വകുപ്പാണ് സംസാരിക്കുന്നതെന്നും തന്റെ രോഗികൾക്കും എന്റെ വകുപ്പിന് വേണ്ടിയാണ് ഇതെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി