ഗാസ: ഗാസയിൽ തങ്ങളുടെ രണ്ട് യുഎസ് സഹായ പ്രവർത്തകർക്ക് പരിക്കേറ്റതായി ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അറിയിച്ചു. തെക്കൻ ഗാസയിലെ തങ്ങളുടെ സഹായ കേന്ദ്രങ്ങളിലൊന്നിൽ ശനിയാഴ്ച നടന്ന ആക്രമണത്തിലാണ് രണ്ട് അമേരിക്കൻ ജീവനക്കാർക്ക് പരിക്കേറ്റത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയോടെ ഗാസയിൽ സഹായങ്ങൾ വിതരണം ചെയ്യുന്നത് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ആണ്.
ശനിയാഴ്‌ച രാവിലെ, ഖാൻ യൂനിസിലെ എസ്ഡിഎസ്-3 ൽ ഭക്ഷ്യ വിതരണ പ്രവർത്തനത്തിനിടെ ഉണ്ടായ ആക്രമണത്തിലാണ് ഇവർക്ക് പരിക്കേൽക്കുന്നത്. ഒരു തീവ്രവാദ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സഹായ പ്രവർത്തകർക്ക് പരിക്കേറ്റുവെന്നാണ് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അറിയിച്ചത്. അമേരിക്കക്കാർക്ക് നേരെ രണ്ട് ഗ്രനേഡുകൾ എറിഞ്ഞ രണ്ട് അക്രമികൾ ആണ് ഇത് നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയോടെ ഗാസയിൽ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. യുനെസ്‌കോ ഉൾപ്പടെയുള്ള അന്താരാഷ്ട്ര സംഘടനകൾ ഇവർക്കെതിരെ രംഗത്ത് വന്നിരുന്നു. ഭക്ഷണത്തിൽ മാരകമായ രാസപദാർഥങ്ങൾ കലർത്തിയത് അന്താരാഷ്ത്ര തലത്തിൽ തന്നെ ചർച്ചയായിരുന്നു. ഭക്ഷണ വിതരണത്തിലെ അശാസ്ത്രീയത കാരണം ദിവസവും അക്രമങ്ങളും വെടിവെപ്പുകളും ഗാസയിൽ പതിവാണ്. ഇവരുടെ കീഴിൽ മാത്രമാണ് നിലവിൽ ഗാസയിൽ സഹായവിതരണം നടക്കുന്നത്. മറ്റൊരു സംഘടനക്കും ഗാസയിൽ സഹായങ്ങൾ വിതരണം ചെയ്യാൻ ഇസ്രായേൽ അനുമതി നൽകുന്നില്ല.