പാലക്കാട്: പനി ബാധിച്ചു ചികിത്സയിലുള്ള കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവ്. നിപ ബാധിച്ചു ചികിത്സയിലുള്ള യുവതിയുടെ അടുത്ത ബന്ധുക്കളായ കുട്ടിക്കും യുവതിയുടെ മകൾക്കുമായിരുന്നു പനി ബാധിച്ചിരുന്നത്. രണ്ടുപേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. മഞ്ചേരി മെഡിക്കൽകോളേജിൽ ചികിത്സയിലാണ് രണ്ടു പേരും.
നിപ ബാധിച്ചു ചികിത്സയിലുള്ള യുവതിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്ന കുട്ടികൾക്കായിരുന്നു പനിയുടെ ലക്ഷണങ്ങൾ കണ്ടത്. നിപ വ്യാപന ഭീതി കാരണം ഇവുടെ രക്ത സിമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഇവരുടെ റിസൾട്ട് നെഗറ്റീവ് ആയത് ആരോഗ്യ വകുപ്പിന് വലിയ ആശ്വാസമാണ്. നിപ ബാധിച്ച യുവതിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരായിരുന്നു ഇവർ. നിലവിൽ 91 പേരാണ് യുവതിയുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടത്.
സമ്പർക്ക പട്ടികയിലുള്ള എല്ലാവരുടെയും രക്ത സാമ്പിളുകൾ പരിശോധനക്ക് അയക്കാനാണ് ആരോഗ്യ വകുപ്പിൻറെ തീരുമാനം. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കരിമ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകളിലെ കണ്ടൈൻമെൻറ് സോണുകളിൽ കനത്ത സുരക്ഷ തുടരുകയാണ്. നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി മൂന്ന് ജില്ലകളിൽ ജാഗ്രത തുടരുകയാണ്. 425 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 228 പേര് മലപ്പുറത്തുള്ളവരും 110 പേർ പാലക്കാടും 87 പേർ കോഴിക്കോട് ജില്ലക്കാരുമാണ്. ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് പാലക്കാടെത്തി അവലോകന യോഗം ചേരും. പ്രദേശത്തെ വവ്വാലുകളുടെ അടക്കം വിസർജ്ജ്യം മൃഗ സംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം നാളെ ലഭിക്കുമെന്നാണ് സൂചന.