ദുബായ് : വേനൽക്കാല യാത്രകൾ വർദ്ധിച്ച സാഹചര്യത്തിൽ, ആരോഗ്യപ്രശ്നങ്ങളുള്ളവർ പറക്കുന്നതിന് മുമ്പ് മെഡിക്കൽ ക്ലിയറൻസ് നേടണമെന്നും, നെഞ്ചുവേദന അല്ലെങ്കിൽ കാലിലെ വീക്കം പോലുള്ള വിമാനയാത്രയ്ക്ക് ശേഷമുള്ള ലക്ഷണങ്ങൾ ഉണ്ടോ എന്നും ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ. ബ്രിട്ടനിൽ നിന്ന് എട്ട് മണിക്കൂർ വിമാനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ യുഎഇ പൗരനെ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് നിർദശം. പൾമണറി എംബോളിസം എന്നറിയപ്പെടുന്ന അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനിന്ന തുടർച്ചയായ നെഞ്ചുവേദനയുമായി അത്യാഹിത വിഭാഗത്തിൽ എത്തിയ സ്വദേശിക്ക് പെട്ടെന്ന് രോഗനിർണയം നടത്തി ചികിത്സ നൽകാൻ കഴിഞ്ഞില്ലായിരുന്നവെങ്കിൽ ജീവന് ഭീഷണിയാകുമായിരുന്നുവെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. വിമാന യാത്രയ്ക്കിടെ നീണ്ടുനിൽക്കുന്ന ചലനശേഷിയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഓർമ്മപ്പെടുത്തലാണിതെന്ന് ഡോക്ടർമാർ പറയുന്നു.
. പൾമണറി എംബോളിസം പലപ്പോഴും കാലിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയിലാണ് ആരംഭിക്കുന്നത്, തുടർന്ന് ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തും. ദീർഘദൂര വിമാനയാത്രകൾ അപകടസാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. പൊണ്ണത്തടിയുള്ളവർ, ഗർഭിണികൾ, ശ്വാസകോശമോ ഹൃദയ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവർ, രക്തം കട്ടപിടിക്കുന്നതിന്റെ ചരിത്രമുള്ളവർ എന്നിവരിൽ അപകട സാധ്യത വലുതാണ്.
വിമാനയാത്രയ്ക്കിടെ ലളിതവും എന്നാൽ നിർണായകവുമായ മുൻകരുതലുകൾ എടുക്കാനും വിമാനയാത്രയ്ക്ക് ശേഷമുള്ള അസാധാരണമായ ലക്ഷണങ്ങൾ ഗൗരവമായി എടുക്കാനും ശ്രദ്ധിക്കണം. ഹൃദയരോഗമുള്ളവർ, സമീപകാല ശസ്ത്രക്രിയ നടന്നവർ ആസ്ത്മ പോലുള്ള വിട്ടുമാറാത്ത ശ്വസന അവസ്ഥയുള്ളവർ, നിയന്ത്രിതമല്ലാത്ത പ്രമേഹമുള്ളവർ, ന്യുമോണിയ ബാധിച്ചവർ , കോവിഡ് രോഗികൾ, ഗർഭിണികൾ, രക്തം കട്ടപിടിക്കുന്നതിന്റെ ചരിത്രമുള്ളവർ എല്ലാം കൂടിയ അപകട സാധ്യത ഉള്ളവരാണ്. അത്തരക്കാർ, ഓക്സിജൻ പിന്തുണയോ പ്രതിരോധ മരുന്നോ ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കാൻ യാത്രക്ക് മുമ്പായി ശരിയായ മെഡിക്കൽ ഉപദേശം വാങ്ങിയിരിക്കണം.
വിമാനത്തിനകത്തെ വരണ്ട കാബിൻ വായു, ഇടുങ്ങിയ ഇരിപ്പിടങ്ങൾ, ദീർഘദൂര വിമാനങ്ങളിൽ കുറഞ്ഞ ചലനശേഷി, യാത്രയിൽ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കൽ എന്നിവ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. വിമാനയാത്രയ്ക്കിടെ ഓരോ മണിക്കൂറിലും എഴുന്നേറ്റ് നടക്കുക, ധാരാളം വെള്ളം കുടിക്കുക. മദ്യം, കഫീൻ, പുകവലി എന്നിവ ഒഴിവാക്കുക, ഡോക്ടറുടെ നിർദ്ദേശപ്രകാരം കംപ്രഷൻ സ്റ്റോക്കിംഗ്സ് ധരിക്കുക, ചലനശേഷി കുറയ്ക്കുന്ന മയക്കമരുന്നുകൾ ഒഴിവാക്കുക എന്നീ മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്.
വിമാനയാത്രയ്ക്കിടെയോ ലാൻഡിംഗിന് ശേഷമോ ദിവസങ്ങൾക്ക് ശേഷമോ രക്തം കട്ടപിടിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. പെട്ടെന്നുള്ള നെഞ്ചുവേദന, ശ്വാസതടസ്സം, കാലിൽ വേദന അല്ലെങ്കിൽ വീക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ് , തലവേദന, ബോധക്ഷയം, ചുമക്ക് ശേഷം രക്തം വരുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ജെറ്റ് ലാഗിന്റെയോ ക്ഷീണത്തിന്റെയോ ലക്ഷണങ്ങളായി കണ്ട് അവഗണിക്കാതിരിക്കുക. യാത്രക്കിടയിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ നിർബന്ധമായും ക്യാബിൻ ക്രൂവിനെ അറിയിക്കുക.