തിരുവനന്തപുരം: കേരള സർവ്വകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി സർവ്വകലാശാല സിൻഡിക്കേറ്റ്. താൽകാലിക വിസി ഡോ. സിസ തോമസിന്റെ വിയോജന കുറിപ്പോടെയായിരുന്നു പ്രത്യേക സിൻഡിക്കേറ്റ് യോഗ തീരുമാനം.
യോഗത്തിൽ ഇടത് അംഗങ്ങളാണ് രജിസ്ട്രാറുടെ സസ്പെൻഷൻ തീരുമാനം റദ്ദാക്കൽ പ്രമേയം അവതരിപ്പിച്ചത്. 24 അംഗങ്ങളിൽ 16 പേർ പിന്തുണച്ചതോടെ പ്രമേയം പാസായി.
വിസിയുടെ വിയോജിപ്പ് സിൻഡിക്കേറ്റ് തള്ളുകയും ചെയ്‌തു. സസ്‌പെൻഷൻ നടപടി അന്വേഷിക്കാൻ അഡ്വ. ജി മുരളീധരൻ, ഡോ. നസീബ്, ഡോ. ഷിജു ഖാൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സെനറ്റ് ഹാളിൽ നടന്ന പരിപാടിയുൾപ്പടെയുള്ള കാര്യങ്ങൾ സമിതി അന്വേഷിക്കും.
സിൻഡിക്കേറ്റ് തീരുമാനം കോടതിയെ അറിയിക്കാൻ സ്റ്റാന്റിംഗ് കൗൺസിലറെ യോഗം ചുമതലപ്പെടുത്തി. ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ജൂൺ 25 നാൻ രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറിനെ വിസി മോഹൻ കുന്നുമ്മൽ സസ്പെൻറ് ചെയ്‌തത്.
രജിസ്ട്രാറുടെ സസ്പെൻഷൻ തീരുമാനം റദ്ദാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച സിൻഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി സിസ തോമസ് പറഞ്ഞു.
സിൻഡിക്കേറ്റ് പിരിച്ചുവിട്ട ശേഷമാണ് സസ്പെൻഷൻ റദ്ദാക്കുന്ന തീരുമാനമെടുത്തത്. രജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം പ്രമേയമായി അവതരിപ്പിച്ചപ്പോഴേ താൻ യോഗം പിരിച്ചുവിട്ടു ഇറങ്ങിപോയതാണ്, അതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമസാധുതയില്ലെന്നും അവർ പറഞ്ഞു.
രജിസ്ട്രാറുടെ സസ്പെൻഷൻ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അത്കൊണ്ട് അത്തരം വിഷയങ്ങൾ സിണ്ടിക്കേറ്റിൽ ചർച്ച ചെയ്യാനാകില്ല, സസ്‌പെൻഷൻ തുടരും വിസി പറഞ്ഞു.