ലണ്ടൻ: ലണ്ടനിലെ സൗത്ത്‌എൻഡ് വിമാനത്താവളത്തിൽ ഒരു ചെറു വിമാനം തകർന്നുവീണതായി എസെക്സ് പോലീസ് അറിയിച്ചു. ലണ്ടനിൽ നിന്ന് ഏകദേശം 72 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലാണ് അപകടം നടന്നത്. ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് തൊട്ടുമുമ്പ് നടന്ന അപകടത്തെ ഗൗരവത്തിൽ തന്നെ കാണുന്നുണ്ടെന്നും സംഭവസ്ഥലത്ത് എല്ലാ അടിയന്തര സേവനങ്ങളും ചെയ്യുന്നുണ്ടെന്നും എസെക്സ് പോലീസ് പറഞ്ഞു.
ബീച്ച്ക്രാഫ്റ്റ് ബി 200 സൂപ്പർ കിംഗ് എയർ വിഭാഗത്തിൽ പെട്ട വിമാനം മെഡിക്കൽ ആവശ്യത്തിന് സജ്ജീകരിച്ച ജെറ്റ് ആണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, രോഗികളുടെ ഗതാഗതത്തിനും നെതർലാൻഡ്‌സിലേക്കുള്ള യാത്രയ്ക്കുമായി രൂപകൽപ്പന ചെയ്ത വിമാനത്തിൽ ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു.
അപകടസ്ഥലത്ത് നിന്ന് കടുത്ത തീയും കറുത്ത പുകയും ഉയരുന്നത് സോഷ്യൽ മീഡിയയിൽ പങ്കിട്ട ഫോട്ടോകളിൽ കാണാം. സംഭവത്തിൽ ഉൾപ്പെട്ട വിമാനത്തിന് 12 മീറ്റർ നീളമുണ്ടെന്ന് പറയപ്പെടുന്നു. വിമാനം നിലത്തേക്ക് തലകീഴായി പതിച്ചതിന് ശേഷം ഒരു വലിയ തീഗോളം കണ്ടതായി കുടുംബത്തോടൊപ്പം വിമാനത്താവളത്തിലുണ്ടായിരുന്ന ദൃക്‌സാക്ഷി ജോൺ ജോൺസൺ പറഞ്ഞു. വിമാനം പറന്നുയർന്ന് ഏകദേശം മൂന്നോ നാലോ സെക്കൻഡുകൾക്ക് ശേഷം ഇടതുവശത്തേക്ക് ശക്തമായി തിരിയാൻ തുടങ്ങി, ഏതാനും സെക്കൻഡുകൾക്കുള്ളിൽ തലകീഴായി നിലത്ത് ഇടിച്ചു, തുടർന്ന് വലിയൊരു തീഗോളമായി മാറി ” അദ്ദേഹം പറഞ്ഞു,
വിമാനത്താവളത്തിലെ അഗ്നിശമന സേനയുടെ ഫയർ എഞ്ചിനുകൾ, ലോക്കൽ പോലീസ്, ആംബുലൻസ്, ഫയർ സർവീസുകൾ എന്നിവ ഉടനെ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്നോ എവിടേക്ക് പോകുന്നുവെന്നതിനെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ ഇതുവരെ പങ്കുവച്ചിട്ടില്ല. സുരക്ഷാ നടപടിയുടെ ഭാഗമായി അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള ഒരു ഗോൾഫ് ക്ലബ്ബും റഗ്ബി ക്ലബ്ബും പോലീസ് ഒഴിപ്പിച്ചു. കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനായി പ്രദേശത്ത് ഒഴിഞ്ഞു പോകുവാൻ പ്രദേശവാസികളോട് ആവശ്യപെട്ടിട്ടുണ്ട്.