അഹമ്മദാബാദ് : 242 പേരുടെ മരണത്തിനിടയാക്കിയ AI-171 വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ അപകടത്തിന്റെ കാരണം പരാമർശിക്കുന്നില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു.
പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിലോ എഞ്ചിനുകളിലോ യാന്ത്രികതകരാറോ അറ്റകുറ്റപ്പണി പ്രശ്‌നങ്ങളൊന കണ്ടെത്തിയിട്ടില്ലെന്നും എല്ലാ നിർബന്ധിത അറ്റകുറ്റപ്പണികളും പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ ഒരു പ്രശ്‌നവും കണ്ടെത്തിയിട്ടില്ല. ടേക്ക്-ഓഫ് സമയത്ത് അസാധാരണത്വവും ഉണ്ടായിരുന്നില്ല. പൈലറ്റുമാർ അവരുടെ നിർബന്ധിത പ്രീ-ഫ്ലൈറ്റ് ബ്രീത്ത്അലൈസർ പാസായിട്ടുണ്ട്, അവരുടെ മെഡിക്കൽ നിലയെക്കുറിച്ച് ഒരു നിരീക്ഷണവുംഉണ്ടായിട്ടില്ല. കാംബെൽ കൂട്ടിച്ചേർത്തു.
എയർ ഇന്ത്യയുടെ കീഴിലുള്ള മുഴുവൻ ബോയിംഗ് 787 വിമാനങ്ങളും അപകടം നടന്ന് ദിവസങ്ങൾക്കുള്ളിൽ, ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പരിശോധിച്ചുവെന്നും അവയെല്ലാം സർവീസിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട് . ആവശ്യമായ എല്ലാ പരിശോധനകളും തുടരുന്നുണ്ടെന്നും അധികാരികൾ നിർദ്ദേശിക്കുന്ന പുതിയ പരിശോധനകളും നടത്താനും തയ്യാറാണ്. അദ്ദേഹം പറഞ്ഞു
ജൂൺ 12 ന് അഹമ്മദാബാദിൽ 242 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസം എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രസിദ്ധീകരിച്ചിരുന്നു. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പറന്നുയര്‍ന്നതിനു പിന്നാലെ ഓഫ് ചെയ്യപ്പെട്ടതാണ് അപകട കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നതിന് വിശദീകരണമില്ല.