ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിന്റെ പിൻ ഭാഗത്തെ ചില യന്ത്ര ഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണെന്നും സംശയിക്കുന്നുണ്ട്.
അപകടത്തിൽ ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ചു നിന്ന വിമാനത്തിൻറെ പിൻഭാഗത്തിന്റെ വിശദമായ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ. പിൻ ഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻ ഭാഗത്തെ ബ്ലാക്ക് ബോക്‌സ് പൂർണമായും കത്തിയമർന്നിരുന്നു. പിന്നിൽ നിന്നും കണ്ടെടുത്തിരുന്ന എയർ ഹോസ്റ്റസിന്റെ മൃതദേഹം പൂർണമായും കത്തിയിട്ടുണ്ടായിരുന്നില്ല.
വിമാനം ലണ്ടനിലേക്ക് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് വിമാനത്തിൻറെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപണികൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ട്രാൻസ്ഡ്യൂസറിലെ തകരാർ വിമാനത്തിലെ മുഴുവൻ വൈദ്യുതി സംവിധാനത്തെയും ബാധിക്കുന്നതാണ്.