അങ്കാറ: തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പ്രദേശത്തെ കെട്ടിടങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ പറ്റിയതായി റിപ്പോർട്ട്. 6.1 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളാണ് വടക്ക് ടിഞ്ഞാറൻ പ്രവിശ്യയായ ബാലികസറിൽ ഉണ്ടായത്. ചലനങ്ങളുടെ പ്രകമ്പനം ഇരുനൂറ് മീറ്റർ അകലെ ഇസ്താംബൂളിൽ ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഞായറാഴ്‌ച രാത്രി എട്ട് മണിയോടെയാണ് ആദ്യ ചലനമുണ്ടായത്. മിനിറ്റുകൾക്കുള്ളിൽ തുടർ ചലനങ്ങളുമുണ്ടായി. അപകടത്തിൽ കുറഞ്ഞത് മുപ്പതോളം പേർക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക നിഗമനം. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്നും നാലു പേരെ രക്ഷപെടുത്തിയതായും രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ അനുശോചനം രേഖപ്പെടുത്തി. 2023 ഫെബ്രവരിയിൽ തുർക്കിയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശത്തുണ്ടായ ഭൂകമ്പത്തിൽ 53000 പേർ കൊല്ലപ്പെടുകയും പുരാതന നഗരമായ അന്ത്യോക്യ സ്ഥിതി ചെയ്‌തിരുന്ന അന്റക്യ തകരുകയും ചെയ്‌തിരുന്നു.