ന്യൂഡൽഹി: വോട്ട് ചോരി വിവാദത്തിൽ ഒടുവിൽ ചർച്ച നടത്താൻ സമ്മതിച്ച് തെരെഞ്ഞടുപ്പ് കമ്മീഷൻ. ഇന്ത്യാ സഖ്യത്തിലെ മുഴുവൻ എംപിമാരെയും ചർച്ചയിൽ പങ്കെടുപ്പിക്കാൻ സ്ഥലപരിമിതി കാരണം സാധിക്കില്ലെന്നും കമ്മീഷൻ. 30 എംപിമാർക്ക് പ്രവേശനം നൽകാമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് സംബന്ധിച്ച് നിരന്തരമായി ചർച്ചക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷൻ വഴങ്ങിയിരുന്നില്ല. വോട്ടർ പട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിലേക്ക് ഇന്ത്യാ സഖ്യത്തിൻറെ മാർച്ച് നടക്കാനിരിക്കെയാണ് ചർച്ചക്ക് സമയം ലഭിച്ചത്.
ഇന്ന് ഉച്ചക്ക് 12 മണിക്ക് കൂടികാഴ്‌ചക്ക് സമയം അനുവദിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിനാണ് അറിയിപ്പ് ലഭിച്ചത്. അതേസമയം, വോട്ടർ പട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിലേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ച് 11.30 ന് പാർലമെൻറ് മന്ദിരത്തിൽ നിന്നും ആരംഭിക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ മുന്നൂറോളം എംപിമാർ പങ്കെടുക്കും.
വിഷയത്തിൽ വ്യത്യസ്‌ത ഭാഷകളിൽ പ്ലക്കാർഡുകൾ നേതാക്കൾ ഉയർത്തും. ഇന്ത്യ സഖ്യത്തിലെ കക്ഷികൾ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ ഏറ്റെടുത്തിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾ ഇന്ത്യ സഖ്യത്തിന് വലിയ ഊർജ്ജമാണ് നൽകുന്നത്. സഖ്യം എംപിമാർക്ക് മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിൽ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. വിരുന്നിൽ പുതിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.
മഹാരാഷ്ട്രയിൽ അഞ്ചു വർഷം കൊണ്ട് ചേർക്കുന്നതിലും കൂടുതൽ വോട്ടുകൾ അഞ്ചു മാസം കൊണ്ട് ചേർത്തെന്നും കർണാടകയിലും ഹരിയാനയിലും തെരെഞ്ഞെടുപ്പ് തീയതി മാറ്റിയതിലും സംശയമുണ്ടെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിംഗ് കുതിച്ചുയർന്നതും 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നതും 45 ദിവസം കൊണ്ട് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതും സംശായാസ്പദമാണ്. ദൃശ്യങ്ങൾ നശിപ്പിച്ചത് തെളിവുകൾ നശിപ്പിക്കുന്നതിൻറെ ഭാഗമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് വോട്ട് മോഷിടിക്കുന്നുവെന്നും ഹരിയാനയിലും ഇത് ആവർത്തിച്ചുവെന്നും രാഹുൽ പറഞ്ഞിരുന്നു. ഞാൻ പറയുന്നതിനെ കുറിച്ചെല്ലാം തെരെഞ്ഞടുപ്പ് കമ്മീഷന് വ്യക്തമായി അറിയാമെന്നും അവർ തനിക്കെതിരെ നടപടി എടുക്കില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.