കൊച്ചി: ടിടിസി വിദ്യാർഥിനി സോനാ എൽദോസിൻറെ മരണത്തിൽ ആൺ സുഹൃത്ത് റമീസ് അറസ്റ്റിൽ. ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവമേൽപ്പിക്കൽ, വിവാഹ വാഗ്ദാനം നൽകി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിന്റെ പേരിൽ ചുമത്തിയിരിക്കുന്നത്. റമീസിന്റെ കുടുംബാംഗങ്ങളെ കൂടി കേസിൽ പ്രതി ചേർത്തേക്കുമെന്ന് സൂചനയുണ്ട്.
പെൺകുട്ടിയുടെ മരണത്തിൽ റമീസിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതിന് ശേഷമാണ് പോലീസ് റമീസിനെ അറസ്റ്റ് ചെയ്‌തത്. സോനയെ മർദിച്ചതിന്റെയും തെളിവുകൾ പോലിസിന്റെ പക്കലുണ്ട്. ഇരുവരും നടത്തിയ വാട്‍സ് ആപ് ചാറ്റിൽ നിന്നാണ് ഈ തെളിവുകൾ പൊലീസിന് ലഭിച്ചത്. ജീവനൊടുക്കുമെന്ന് സോന പറഞ്ഞപ്പോൾ അങ്ങിനെ ചെയ്തോളാൻ റമീസ് പറയുകയായിരുന്നു.
മുവാറ്റുപുഴ ഗവൺമെൻറ് ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൽമല നഗറിൽ കടിഞ്ഞുമേൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ ശനിയാഴ്‌ച ഉച്ചക്കാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സോനയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുക്കുന്നത്.
ആൺ സുഹൃത്തായ റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചുവെന്നും വീട്ടിനുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും ഉൾപ്പടെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ് റമീസ്.