അബൂദബി: ഓൺലൈൻ തട്ടിപ്പിലൂടെ 5000 ദിർഹം തട്ടിയെടുത്ത കേസിൽ ഇരക്ക് 7000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി കോടതി പ്രതികളോട് ആവശ്യപ്പെട്ടു. അബൂദബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടേതാണ് ഉത്തരവ്.
ഒരു റെസ്റ്റാറന്റിന്റെ ഓൺലൈൻ പരസ്യം കണ്ട് ഓർഡർ നൽകാൻ ശ്രമിച്ച പരാതിക്കാരനോട് പ്രതികൾ അയച്ച ലിങ്ക് വഴി 11 ദിർഹം അടക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ലിങ്ക് തുറന്നതോടെ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 5000 ദിർഹം നഷ്‌ടപെടുകയായിരുന്നു. തുടർന്നാണ് ഇയാൾ ബനിയാസ് പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകിയത്.
പ്രാഥമിക വിചാരണയിൽ തന്നെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഓരോരുത്തർക്കും മൂന്ന് മാസം തടവും 20,000 ദിർഹം പിഴയും ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടു കടത്താനും കോടതി ഉത്തരവിട്ടു. പിന്നീട് പ്രതികൾ അപ്പീൽ നൽകിയതിനെ തുടർന്ന് പിഴ തുക 7,000 ദിർഹമായി കുറക്കുകയായിരുന്നു.
ക്രിമിനൽ ശിക്ഷ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തട്ടിയെടുത്ത 5,000 ദിർഹവും നഷ്ടപരിഹാരമായി 2,000 ദിർഹവും അടക്കം ആകെ 7,000 ദിർഹം ഇരക്ക് നൽകാൻ സിവിൽ കോടതി പ്രതികളോട് ഉത്തരവിട്ടു.