കോഴിക്കോട്: സാമൂതിരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. ഓണാഘോഷത്തിന് പരമ്പരാഗത വേഷമായ മുണ്ട് ഉടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. രണ്ടാം വർഷ വിദ്യാർഥികളാണ് മർദിച്ചതെന്ന് മർദനമേറ്റ വിദ്യാർഥിയുടെ പിതാവ് ആരോപിച്ചു.
മർദനത്തിൽ തോളെല്ലിന് പൊട്ടലേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. കൈകളിലും കഴുത്തിലും ഗുരുതരമായ പരിക്കുകളുണ്ട്. മീഡിയ അക്കൗണ്ട് തുടങ്ങിയതിന്റെ പേരിലും മുതിർന്ന വിദ്യാർഥികൾ മർദിച്ചതായി സഹപാഠികൾ പറഞ്ഞു. സ്‌കൂളിൽ ഇത്തരം റാഗിംഗ് നടക്കാറുണ്ടെന്ന് അവർ ആരോപിക്കുന്നു.
വിദ്യാർഥിയുടെ പിതാവ് സംഭവുമായി ബന്ധപ്പെട്ട് കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 15 ഓളം വിദ്യാർഥികൾ ചേർന്നാണ് കുട്ടിയെ മർദിച്ചതെന്ന് പിതാവ് പരാതിയിൽ പറയുന്നു. റാഗിംഗിനിടെ തിരിച്ചു പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നും മുതിർന്ന വിദ്യാർഥികളെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ടാണ് മർദനം നടന്നതെന്നും പരിക്കേറ്റ വിദ്യാർഥി വെളിപ്പെടുത്തി.