റിയാദ്: സൗദി അറേബ്യയിലെ വിദേശികൾക്കും പ്രവാസികൾക്കും രാജ്യത്ത് സ്വത്ത് സ്വന്തമാക്കാൻ ഡിജിറ്റൽ ഐഡി ഉപയോഗിക്കുന്നതിന് സൗദി മന്ത്രിസഭയുടെ അംഗീകാരം.
ഡിജിറ്റൽ ഐഡി വ്യാപകമാക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റി ആഭ്യന്തര മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ), നാഷണൽ ഇൻഫർമേഷൻ സെന്റർ, മറ്റ് പ്രസക്തമായ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കും.
സൗദി ഇതര റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ഡിജിറ്റൽ ഐഡിയുടെ ഉപയോഗത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.
സൗദി ഇതര സ്വത്ത് ഉടമസ്ഥതയും ഉപഭോക്തൃ അവകാശങ്ങളും സംബന്ധിച്ച, കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സിന്റെ സ്ട്രാറ്റജിക് കമ്മിറ്റിയുടെ തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഈ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അതോറിറ്റിയുടെ ബോർഡിനുള്ളിൽ കമ്മിറ്റി രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾക്കാണ് അംഗീകാരം.
ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റി ബോഡ് പുനഃസംഘടിപ്പിച്ചു.നിരവധി മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മൂന്ന് സ്വകാര്യ മേഖലയിലെ പ്രതിനിധികൾ എന്നിവരിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നു പുനഃസംഘടന. സിഇഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു പുനഃസംഘടന.
സൗദി പൗരന്മാരല്ലാത്ത വിദേശികൾക്കും റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്ന നിയമത്തിന് ജൂലൈയിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 2026 ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും.
സ്വത്ത് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മുമ്പ് പ്രവാസികൾ അബ്ഷർ പ്ലാറ്റ്‌ഫോം വഴി ഒരു ഡിജിറ്റൽ ഐഡി നിർമ്മിക്കുകയും ഉപയോഗിക്കുകയും വേണം. സൗദി ബാങ്ക് അക്കൗണ്ട് തുറക്കുകയും, ഒരു പ്രാദേശിക കോൺടാക്റ്റ് നമ്പർ രജിസ്റ്റർ ചെയ്യുകയും വേണമെന്ന് നിർദേശിക്കുന്ന നിയമത്തിന്റെ ചട്ടങ്ങളുടെ കരട് അതോറിറ്റി പുറത്തിറക്കി.