ഹായിൽ : സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായ ഹായിൽ നവോദയ സാംസ്കാരിക വേദി രൂപീകൃതമായിട്ട് പത്തുവർഷം പൂർത്തിയാകുന്നു. പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ലോഗോ പ്രകാശനം നടന്നു. കഴിഞ്ഞദിവസം സ്വാതന്ത്ര്യ ദിനത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുകൊണ്ടാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഫുട്ബോൾ ടൂർണ്ണമെന്റ്,ക്രിക്കറ്റ് ടൂർണമെന്റ്,ഷട്ടിൽ ടൂർണ്ണമെന്റ് ഓണാഘോഷ പരിപാടികൾ,ഇഫ്താർ സംഗമങ്ങൾ, വിവിധ സെമിനാറുകൾ , സമ്മേളനങ്ങൾ തുടങ്ങിയവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ പ്രധാന സ്പോൺസർ ആയ അൽ ഹബീബ് മെഡിക്കൽ സെന്റർ എംഡി നിസാം പാറക്കോടിന് നവോദയ രക്ഷാധികാരി സഖാവ് മനോജ് ലോഗോ പ്രകാശനം നടത്തി. ചടങ്ങിൽ നവോദയ രക്ഷാധികാരി കമ്മിറ്റി അംഗം ജസീൽ സ്വാഗതവും മനോജ് മട്ടനൂർ വിഷയാവതരണവും നടത്തി. ചടങ്ങിൽ നവോദയ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹർഷാദ്, ജോയിൻ സെക്രട്ടറി പ്രശാന്ത് കൂത്തുപറമ്പ്, വൈസ് പ്രസിഡണ്ട് രാജേഷ്, മാധ്യമപ്രവർത്തകൻ അഫ്സൽ കായംകുളം ഹബീബ് ഹോസ്പിറ്റൽ ഡോക്ടർ അരവിന്ദ് ജി ശിവൻ, എംഅസ്റാർ എം ഡി രാഗി, ട്രാവൽ റൂട്ട് എംഡി അഷ്കർ, ലുലു ഗ്രൂപ്പ് മാനേജർ ഫൈസൽ, സെവൻ ഇലവൻ പ്രതിനിധി കമാൽ , ജമീൽ ഫാർമസി നസീർ സംഗമം, സിറ്റി സ്വീറ്റ്‌സ് എംഡി ജംഷിർ, വസായിൽ എംഡി ഹിഷാം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
റിപ്പോർട്ട് – അഫ്സൽ കായംകുളം.