കോഴിക്കോട്: താമരശ്ശേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. ഉള്ള്യേരി സ്വദേശികളായ മൂന്ന് പേർ സഞ്ചരിച്ചിരുന്ന കാറാണ് കത്തി നശിച്ചത്. കാറിന്റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ വേഗം വാതിൽ തുറന്ന് പുറത്തിറങ്ങി. തൊട്ടുപിന്നാലെ ദി ആളി പടർന്ന് വാഹനം പൂർണമായും കത്തിനശിച്ചു. താമരശേരി – തുഷാരഗിരി റോഡിൽ വട്ടപ്പാറയിൽ വെച്ചായിരുന്നു സംഭവം.
മുക്കത്തുനിന്നും അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാറിലുണ്ടായിരുന്നവർ പെട്ടെന്ന് ഇറങ്ങിയതിനാൽ മൂന്ന് പേർക്കും ജീവൻ നഷ്ടപ്പെടാതെ രക്ഷപെട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിൽ പെട്ടത് റെനോയുടെ ഡസ്റ്റർ കാറാണെന്ന് ആളുകൾ പകർത്തിയ വീഡിയോയിൽ നിന്നും മനസിലാവുന്നു.
മലയോര യാത്രയിൽ ഡസ്റ്റർ തീ പിടിക്കാനുള്ള സാധ്യത നേരത്തെയും ചർച്ച ചെയ്യപ്പെട്ടിരുന്നു. റെനോയുടെ ഡസ്റ്റർ കാറിനെ കുറിച്ചും കാർ പ്രേമികൾക്കിടയിൽ നേരത്തേയും ആശങ്കകൾ നിലവിലുണ്ട്. താമരശേരി- തുഷാരഗിരി യാത്രയിലെ തീപിടുത്തം ആശങ്കകൾ ശക്തമാക്കാനുള്ള സാഹചര്യമായി.