കണ്ണൂർ: കണ്ണൂർ – മസ്‌ക്കത്ത് വിമാന സർവീസ് ഇൻഡിഗോ നിർത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സർവീസ് ടീമായ ഇൻഡിഗോയുടെ ജനപ്രിയ സർവീസുകളിൽ ഒന്നായിരുന്നു ഇത്. കണ്ണൂർ – ഒമാൻ റൂട്ടിലെ തിരക്ക് മൂലം യാത്രക്കാരുടെ നിരന്തര അഭ്യർഥന പ്രകാരം കഴിഞ്ഞ മെയ് പകുതിയോടെയായിരുന്നു കണ്ണൂരിൽ നിന്നും മസ്‌കറ്റിലേക്ക് ഇൻഡിഗോ സർവീസ് ആരംഭിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സർവീസ് നടത്തിയിരുന്നത്. വിലക്കുറവ് കാരണം യാത്രക്കാർ കൂടുതൽ ആശ്രയിച്ചിരുന്ന സർവീസ് കൂടിയായിരുന്നു ഇത്. കണ്ണൂർ മസ്‌കറ്റ് സർവീസ് ഇൻഡിഗോ നിർത്തുന്നതോടെ ഈ സെക്ടർ എയർ ഇന്ത്യയുടെ കുത്തകയായിമാറും. ടിക്കറ്റ് നിരക്കും ക്രമാതീതമായി വർധിക്കാൻ ഇടയുണ്ട്;.
ഈ മാസം 23 വരെ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്. അതിന് ശേഷമുള്ള ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് ഇൻഡിഗോ റീഫണ്ട് നൽകി തുടങ്ങിയിട്ടുമുണ്ട്. സീസൺ തീരുന്നതോടെ ഒമാൻ സെക്ടറിലേക്ക് യാത്രക്കാർ കുറയുമെന്ന ഭീതിയാണ് സർവീസ് നിർത്തലാക്കാൻ കാരണമെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്. 23 ന് ശേഷം ബുക്കിങ് ലഭ്യമല്ലെന്നാണ് കാണിക്കുന്നത്.
കണ്ണൂർ- മസ്‌ക്കറ്റ് സർവീസുകൾ നിർനിർത്തലാക്കുന്നത് സംബന്ധിച്ച് ഇൻഡിഗോയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകൾ ഒന്നുംതന്നെ പുറത്തുവന്നിട്ടില്ല. എങ്കിലും പുറത്തുവന്ന വാർത്തയെ ഇൻഡിഗോ അധികൃതർ തള്ളികളഞ്ഞിട്ടുമില്ല. അതേസമയം, ട്രാവൽ ഏജൻസികളെ ഇൻഡിഗോ നേരത്തെ ഈ വൈവരം അറിയിച്ചിട്ടുണ്ടെന്നും അറിയുന്നു.