ദുബൈ: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടിക്കറ്റുകൾ ഇന്ന് വൈകുന്നേരം മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അബൂദാബിയിലെ മത്സരങ്ങൾക്ക് 50 ദിർഹവും ദുബൈ മത്സരങ്ങൾക്ക് 40 ദിർഹവുമാണ് ടിക്കറ്റ് വില. ഇന്ത്യാ – പാകിസ്ഥാൻ മത്സരങ്ങളുടെ ഏഴു മത്സരങ്ങളടങ്ങിയ പാക്കേജിന് 1400 ദിർഹം മുതലാണ് ടിക്കറ്റ് വില ആരംഭിക്കുന്നത്. പാക്കേജിൽ ഉൾപ്പെടാത്ത മറ്റു മത്സരങ്ങൾക്ക് വേറെ ടികെറ്റ് എടുക്കേണ്ടി വരും.
പ്ലാറ്റിനം ലിസ്റ്റ് വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ലഭിക്കും. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയം, അബൂദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലെ ഓഫീസുകളിലും ടിക്കറ്റ് ലഭ്യമാകുമെന്നും ബോർഡ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ പ്രഖ്യാപിക്കും.
മത്സരങ്ങളുടെ ഔദ്യോഗിക ടിക്കറ്റുകൾ ഇതുവരെ പുറത്തിറക്കിയിട്ടില്ല. എന്നാൽ ഇന്ത്യാ പാകിസ്ഥാൻ മത്സരം പോലുള്ള ജനപ്രിയ മത്സരങ്ങളുടെ വ്യാജ ടിക്കറ്റുകൾ ഓൺലൈനിൽ വിറ്റഴിക്കപ്പെട്ടതായി ഖലീജ് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ഗൂഗിൾ സേർച്ച് പേജുകൾ സ്പോൺസർ ചെയ്‌ത പരസ്യങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് പ്രേമികൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ടിക്കറ്റുകൾ വാങ്ങണമെന്ന് അതികൃതർ അറിയിച്ചു.