ന്യൂഡൽഹി: ഡൽഹി വംശഹത്യ ഗൂഢാലോചനക്കേസ് ചുമത്തി ജയിലിൽ കഴിയുന്ന ജെ എൻ യു വിദ്യാർഥി നേതാവ് ഉമർ ഖാലിദും ഷർജീൽ ഇമാമും സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളി. ഇവരുൾപ്പടെ ഒമ്പത് പേർക്കും കോടതി ജാമ്യം അനുവദിച്ചില്ല.
ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ശാലിൻഡർ കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. അത്തർ ഖാൻ, ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാൻ, മീരാൻ ഹൈദർ, ഗുൽപിഷ, ഫാത്തിമ, ഷദാബ് അഹമ്മദ് എന്നിവരാണ് ജാമ്യാഅപേക്ഷ തള്ളിയ മറ്റുള്ളവർ.
ഡൽഹി വംശഹത്യാ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2020 ലാണ് ഉമർ ഖാലിദിനെയും മറ്റുള്ളവരെയും ഡൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്
ജാമ്യം അനുവദിക്കാത്ത വിചാരണ കോടതി നടപടി ചോദ്യം ചെയ്‌താണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് വർഷത്തോളമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഇവർ. ജാമ്യഅപേക്ഷ തള്ളിയതിനാൽ ഇവർ ജയിലിൽ തന്നെ കഴിയേണ്ട അവസ്ഥയാണ്



