ദമ്മാം: രജിസ്റ്റർ ചെയ്യാത്ത ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ വിറ്റതിന് ദമ്മാമിൽ ജോലി ചെയ്യുന്ന പ്രവാസിക്കെതിരെ നിയമനടപടി സ്വീകരിച്ച് എസ്‌എഫ്‌ഡിഎ. സൗദിയിലെ ഫാർമസ്യൂട്ടിക്കൽ ആൻഡ് ഹെർബൽ എസ്റ്റാബ്ലിഷ്‌മെന്റ് ആൻഡ് പ്രിപ്പറേഷൻസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് നിയമ നടപടി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
രാജ്യത്തിനുള്ളിൽ ഫാർമസ്യൂട്ടിക്കൽ, ഹെർബൽ ഉൽപ്പന്നങ്ങളുടെ ലൈസൻസിംഗ്, നിർമ്മാണം, വിൽപ്പന, വിതരണം എന്നിവക്ക് കൃത്യമായ നിയമ സംവിധാനങ്ങളുണ്ട്. നിയമത്തിന്റെ ആർട്ടിക്കിൾ 34 ലെ ഖണ്ഡിക 2 പ്രകാരം മായം കലർന്നതോ, കേടായതോ, കാലഹരണപ്പെട്ടതോ, രജിസ്റ്റർ ചെയ്യാത്തതോ ആയ ഒരു ഫാർമസ്യൂട്ടിക്കൽ അല്ലെങ്കിൽ ഹെർബൽ ഉൽപ്പന്നം വിൽക്കാൻ പാടുള്ളതല്ല. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്താൽ 10 വർഷത്തിൽ കൂടാത്ത തടവോ 10 മില്യൺ റിയാൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ട് പിഴകളും ഒരുമിച്ചോ ലഭിക്കുന്നതാണ്.
സൗദി വിപണികളിൽ പ്രചരിക്കുന്ന മരുന്നുകളുടെയും ഉൽപ്പന്നങ്ങളുടെയും സുരക്ഷയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ചട്ടങ്ങളും നിയമങ്ങളും തയ്യാറാക്കുന്നത്. രാജ്യത്ത് താമസിക്കുന്ന ഓരോരുത്തരും അത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി വ്യക്തമാക്കി.. ഇത്തരം ലംഘനങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നേരിട്ട് ഭീഷണി ഉയർത്തുന്നുണ്ടെന്നും കുറ്റവാളികൾക്കെതിരെ നിയമപരമായ ശിക്ഷകൾ നൽകുമെന്നും അതോറിറ്റി അറിയിച്ചു.