ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസാ സന്ദേശത്തിൽ പറഞ്ഞു. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓർമിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിൻറെയും പ്രതീക്ഷയുടെയും സാംസ്‌കാരിക അഭിമാനത്തിൻറെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെയെന്ന് പ്രധാനമന്ത്രി കുറിച്ചു.
രാജ്യത്തിന് അകത്തും പുറത്തുമുള്ള കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും ആശംസകൾ നേരുന്നതായി രാഷ്‌ട്രപതി ദ്രൗപതി മുർമു കുറിച്ചു. ഓണം പുതിയ വിളവെടുപ്പിന്റെ സന്തോഷം മാത്രമല്ല, കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിൻറെയും പാരമ്പര്യത്തിൻറെയും ഒരു സവിശേഷ ഉദാഹരണമാണ്. ഓണം മത വിശ്വാസങ്ങൾക്കപ്പുറം ഒരുമയുടെയും സഹവർത്തിത്വത്തിൻറെയും സഹകരണത്തിൻറെയും പ്രാധാന്യം വിളിച്ചോതുക കൂടി ചെയ്യുന്നുവെന്നും രാഷ്ടരപതി സന്ദേശത്തിൽ പറഞ്ഞു.