22.2 C
Saudi Arabia
Friday, October 10, 2025
spot_img

വെർച്വൽ അറസ്റ്റിലൂടെ 18 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യ പ്രതി അറസ്റ്റിൽ

കോഴിക്കോട്: വെർച്വൽ അറസ്‌റ്റ് തട്ടിപ്പിലൂടെ റിട്ടയേർഡ് അധ്യാപികയിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. താമരശേരി സ്വദേശി മുഹമ്മദ് സൽമാനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. കൊയിലാണ്ടി സ്വദേശി റിട്ടയേർഡ് അധ്യാപികയാണ് തട്ടിപ്പിനിരയായത്.

താമരശ്ശേരി ഈങ്ങാപ്പുഴയിൽ നിന്നുംയുവാവിനെ തട്ടി കൊണ്ടുപോയി മർദ്ദിച്ച കേസിലും സൽമാൻ പ്രതിയാണ്. ഈ കേസിൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. രണ്ട് കേസിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ടീം സൽമാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആറ് മാസം മുമ്പ് ഇൻകം ടാക്‌സിൽ നിന്നാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വയോധികയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രേഖകൾ പരിശോധിക്കാൻ വെർച്വൽ അറസ്റ്റിലാണെന്നും അവരെ അറിയിച്ചു. തുടര്ന്ന് 2025 ഫെബ്രുവരി 13 മുതൽ 15 വരെ മൂന്ന് ദിവസം തട്ടിക്കാർ ഇവരെ വെർച്വൽ അറസ്റ്റിൽ വെച്ചു.

പിന്നീട്, അധ്യാപികയുടെയും മകന്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 18 ലക്ഷം രൂപ തട്ടിയെടുത്തു. പണം നഷ്ടപെട്ട വിവരം അറിഞ്ഞ മകൻ പോലീസിൽ പരാതി നൽകി. നേരത്തെ ഈ കേസുമായി ബന്ധപെട്ട രണ്ട് പേര് പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് സൽമാനാണ് കേസിലെ മുഖ്യപ്രതിയെന്നറിയുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles