തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിത ബാധിത പുനധിവാസത്തിന് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ കൈമാറി. കേരളം സർക്കാരിൻറെ ദുരിതാശ്വാസനിധിയിലേക്കാണ് പണം കൈമാറിയത്. വയനാട് പുനരധിവാസത്തിന് സർക്കാരുമായി സഹകരിക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി രണ്ടു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സെക്രട്ടറിയേറ്റിലെ മുഖ്യമന്തിയുടെ ചേമ്പറിൽ വെച്ചാണ് ഫണ്ട് കൈമാറിയത്. സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻറ് സിദ്ധീഖ് സഖാഫി നേമം സംബന്ധിച്ചു.
സംഘടനാ ബന്ധുക്കൾ നേരിട്ട് നൽകിയ സഹായത്തോടൊപ്പം കേരള മുസ്‌ലിം ജമാഅത്ത് , എസ്‌വൈഎസ്, എസ് എസ് എഫ്, ഐ സിഎഫ്, ആർ എസ് സി പ്രവർത്തകരും മദനീയവും മുന്നിട്ടിറങ്ങിയാണ് ഫണ്ട് സമാഹരിച്ചത്. 2019 ലെ ദുരന്ത ബാധിതർക്ക് കേരള മുസ്‌ലിം ജമാഅത്ത് 13 വീടുകൾ നിർമിച്ചു നൽകിയിരുന്നു. ഉരുൾപൊട്ടൽ നടന്ന സമയം മുതൽ കേരള മുസ്‌ലിം ജമാഅത്തിൻറെ നേതൃത്വത്തിൽ എസ്‌വൈഎസ് സാന്ത്വനം വളണ്ടിയർമാർ ദുരന്ത ബാധിതരെ സഹായിക്കാനായി സജീവമായി രംഗത്തിറങ്ങിയിരുന്നു. ദുരിത ബാധിതർക്ക് സാമ്പത്തികമായും സാധന സാമഗ്രികൾ നൽകിയും താത്കാലിക താമസമൊരുക്കുന്നതിനും സഹായിച്ചിരുന്നു.