ജിസാൻ: ഹൃദയാഘാതം മൂലം ജിസാനിൽ മരണപ്പെട്ട പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഹസ്സന്റെ ജനാസ ഖബറടക്കി. ബൈഷ് അൽ രാജിഹി മസ്‌ജിദിൽ അസർ നിസ്‌കാരത്തിന് ശേഷം ജനാസ നിസ്‌കരിച്ചു അൽ രാജിഹി മഖ്ബറയിൽ മറവ് ചെയ്‌തു. മകൻ അബ്ദുൽ ഖാദറും സൗദിയിലുള്ള ബന്ധുക്കളും വിവിധ തുറകളിലുള്ള സുഹൃത്തുക്കളും ചടങ്ങിൽ സംബന്ധിച്ചു.
സെപ്റ്റംബർ 19 വെള്ളിയാഴ്‌ചയായിരിന്നു പരപ്പനങ്ങാടി അട്ടക്കുഴങ്ങര സ്വദേശി മുഹമ്മദ് ഹസൻ (62) ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജിസാനിൽ ബൈഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ യായിരുന്നു മരണം.
ദീർഘകാലം യാമ്പുവിൽ ഡേ ടു ഡേ ഷോപ്പിംഗ് മാൾ മാനേജരായിരുന്നു. ജിസാനിൽ അറാഡ്‌കോ ജിസാൻ ക്യാംപിന്റെയും റെസ്റ്റോറന്റിന്റെയും മാനേജരയായി സേവനം ചെയ്യുന്നതിനിടെയായിരുന്നു അന്ത്യം. അറാഡ്‌കോ മാനേജ്‌മെന്റ് ടീം, ജിസാനിലും യാമ്പുവിലുമുള്ള സാമൂഹിക സന്നദ്ധ സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
പരേതനായ പി ആർ അബൂബക്കർ ഹാജിയാണ് പിതാവ്. മാതാവ് പരേതയായ ഖദീജ, ഭാര്യ: ഖൗലത്ത്. മക്കൾ: അബ്‌ദുൽ ഖാദർ, സൽമാൻ, അജ്‌മൽ, സുലൈമാൻ, ഖുശ്‌നൂരി. സഹോദരങ്ങൾ: ഹംസ, മുഹമ്മദ്, റഷീദ്, അബ്‌ദുൽ ലത്തീഫ്, ആയിഷ, ഫാത്തിമ, നസീമ, റംല.



