കോടികളുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് മലയാളി ഡോക്ടർമാർ പിടിയിൽ

തിരുവനന്തപുരം: വിദേശത്തുനിന്ന് ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.86 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാരെ കസ്റ്റംസ് പിടികൂടി. കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34), കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. വ്യാഴാഴ്ച രാത്രി സിങ്കപ്പൂരിൽ നിന്നുള്ള സ്കൂട്ട് എയർലൈൻസ് വിമാനത്തിൽ എത്തിയ ഇവരുടെ പക്കൽ നിന്നും 1.86 കിലോ ഗ്രാം തൂക്കം വരുന്ന ആറ് പ്ലാസ്റ്റിക് കവറുകളിലായാണ് കഞ്ചാവ് കണ്ടെടുത്തത്. ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയവരാണ് പിടിയിലായ രണ്ടുപേരും.

ഒരാഴ്ച മുമ്പ് തായ്‌ലൻഡിലെത്തിയ ആനന്ദ് അവിടെനിന്ന് വാങ്ങിയ കഞ്ചാവ് ബാങ്കോക്ക് വഴി സിങ്കപ്പൂരിലെത്തിക്കുകയായിരുന്നു. തുടർന്ന് സിങ്കപ്പൂരിൽ വെച്ച് തന്റെ ജൂനിയറായി പഠിച്ച ലിബിൻദാസിനെ കാണുകയും, കഞ്ചാവടങ്ങിയ ബാഗ് തിരുവനന്തപുരത്ത് എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വിമാനത്താവളത്തിൽ എത്തിയ ശേഷം ലിബിന്റെ ബാഗുമായി ആനന്ദ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി. എന്നാൽ ആനന്ദിന്റെ ബാഗ് ലിബിൻ കൈവശം വെച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തതിനെത്തുടർന്ന് വിമാനത്താവളത്തിൽ നിന്ന് കടന്നുകളഞ്ഞ ആനന്ദിനെയും കസ്റ്റംസ് അന്വേഷണ സംഘം പിടികൂടി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles