വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ ടർമസ് അയ്യാ ഗ്രാമത്തിൽ ഒലീവ് വിളവെടുപ്പിനിടെ ഫലസ്‌തീൻ കർഷകയായ സ്ത്രീയെ വടികൊണ്ട് ക്രൂരമായി ആക്രമിച്ച് സയണിസ്റ്റ് തീവ്രവാദി. ആക്രമത്തിൽ 55 വയസുകാരിയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അഫാഫ് അബു ആലിയ (ഉമ്മു സാലിഹ്) എന്ന സ്ത്രീക്കാണ് മർദ്ദനമേറ്റത്. മുഖംമൂടി ധരിച്ചെത്തിയ സയണിസ്റ്റ് തീവ്രവാദി യാതൊരു പ്രകോപനവുമില്ലാതെ ഇവരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൻറെ ദൃശ്യങ്ങൾ യുഎസ് പത്രപ്രവർത്തകനായ ജാസ്പർ നഥാനിയേൽ വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വലിയ മരത്തടി പോലുള്ള വടികൊണ്ട് അക്രമി ആലിയയുടെ തലയിൽ ആവർത്തിച്ച് അടിക്കുന്നത് വീഡിയോയിൽ കാണാം. മർദ്ദനമേറ്റതിനെ തുടർന്ന് ആലിയയെ ഉടൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒലീവ് വിളവെടുപ്പിന് ഫലസ്തീനികളെ സഹായിക്കാൻ എത്തിയ ഒരു വിദേശ പൗരനും ഒരു ഫലസ്‌തീൻകാരനും ഉൾപ്പടെ മറ്റു രണ്ട് പേർക്ക് കൂടി ആക്രമണത്തിൽ പരിക്കേറ്റതായി റിപോർട്ടുണ്ട്.
സംഭവം നടന്നതിന് ശേഷം തങ്ങളുടെ സൈന്യം സ്ഥലത്തെത്തി ഏറ്റുമുട്ടൽ അവസാനിപ്പിച്ചെന്നും കുടിയേറ്റക്കാരുടെ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും സയണിസ്റ്റ് അധിനിവേശ സേന (ഐഡിഎഫ്) പ്രതികരിച്ചു. എന്നാൽ വീഡിയോ പകർത്തിയ പത്രപ്രവർത്തകൻ നഥാനിയേൽ ഈ അവകാശവാദം നിഷേധിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ഇസ്രായേലി സൈന്യം സ്ഥലത്ത് എത്തിയില്ലെന്നും കുടിയേറ്റക്കാർ ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സൈന്യം വേഗത്തിൽ ഓടി രക്ഷപെട്ടെന്നും അദ്ദേഹം ആരോപിച്ചു.
വർഷങ്ങളായി ഇസ്രായേൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഇത്തരം ആക്രമണങ്ങൾ തുടരുകയാണെന്ന് ഫലസ്തീനിലെ മനുഷ്യാവകാശ സ്ഥിതിഗതികലെ കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്‌ക അൽബാനിസ് പറഞ്ഞു. ‘വർഷങ്ങളായി ലോകം ഇത്തരം കാഴ്‌ചകൾ വെസ്റ്റ് ബാങ്കിൽ നിന്ന് കണ്ടുകൊണ്ടിരിക്കുകയാണ്’ അവർ എക്‌സിൽ കുറിച്ച്.
സംഭവത്തിൽ ഇസ്രായേൽ അധികൃതർ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല. ടർമസ് അയ്യയിലെ 80 ശതമാനം നിവാസികൾക്കും യുഎസ് പൗരത്വമുണ്ട്.



